പാലക്കാട്: കാലാവധി അവസാനിച്ചതും ഉപയോഗ ശൂന്യവുമായ മരുന്നുകൾ വീടുകളിൽ സൂക്ഷിക്കുന്നതിലൂടെയും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിലൂടെയും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. എന്നാല്‍ ഇതിനൊരു പ്രതിവിധിയാണ് 'പ്രൗഡ്' പദ്ധതി. കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പും ഔഷധ വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എയുമാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്തിന് ശേഷം ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ടാമത്തെ ജില്ലയാണ് പാലക്കാട്.
കാലാവധി തീര്‍ന്നിട്ടും സൂക്ഷിക്കുന്ന മരുന്നുകളുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യമെന്ന് എ.കെ.സി.ഡി.എയുടെ പാലക്കാട് ജില്ലാ സെക്രട്ടറി പി.ഉണ്ണിക്കണ്ണന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുകയും മണ്ണിലും ജലാശയങ്ങളിലും ഉപേക്ഷിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. സ്വയം ചികിത്സയെന്ന രീതിയിൽ പഴകിയ മരുന്നുകൾ ഉപയോഗിക്കുന്നത് ആന്‍റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ രോഗം മാറാത്ത അവസ്ഥയിലേക്കും നയിക്കുന്നു. 'പ്രൗഡി'ലൂടെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ ഭാഗമായി മെഡിക്കൽ സ്റ്റോറുകളുടെ മുന്നിൽ കാലാവധി അവസാനിച്ച മരുന്നുകൾ ശേഖരിക്കുന്നതിനായി മെഡിസിൻ ബിന്നുകൾ സ്ഥാപിക്കും.