പാലക്കാട്: 2019ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട അട്ടപ്പാടിക്കാർ പ്രതിഷേധത്തിൽ. വീടും സ്ഥലവും ലഭിക്കുന്നതുവരെ സിവിൽ സ്റ്റേഷനിൽ താമസിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. 22 കുടുംബങ്ങളാണ് അഗളി മിനി സിവിൽ സ്റ്റേഷനിലേക്ക് താമസം മാറ്റിയത്. വാസയോഗ്യമായ സ്ഥലം കണ്ടെത്തി വീട് വയ്‌ക്കുന്നതിനാവശ്യമായ തുക അനുവദിച്ചെങ്കിലും അർഹരായവരിലേക്ക് സഹായങ്ങൾ എത്തുന്നില്ലെന്ന് ഇവർ പറയുന്നു.
പാലക്കാട് കലക്‌ടറുമായി ഇന്ന് നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനാധിപത്യ രീതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. കുറവൻപാടി, നക്കുപ്പതി, ഇന്ദിര കോളനി നിവാസികളാണ് സമരത്തിനിറങ്ങിയത്. പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട കുടുംബങ്ങളോട് താമസയോഗ്യമായ സ്ഥലം നാല് സെന്‍റിൽ കുറയാതെ കണ്ടെത്താൻ മുമ്പുണ്ടായിരുന്ന തഹസിൽദാർ നിർദേശം നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ നെല്ലിപ്പതിയിൽ സ്ഥലം കണ്ടെത്തിയെങ്കിലും വില്ലേജ് റെക്കോർഡുകളിൽ 'നിലം' എന്ന് രേഖപ്പെടുത്തിയതിനാൽ സ്ഥലം വാങ്ങാനാകില്ലെന്ന് അധികാരികൾ അറിയിച്ചു. തുടർന്ന് നായ്ക്കർപാടിയിൽ സ്ഥലം കണ്ടെത്തിയെങ്കിലും രേഖകളില്‍ ആദിവാസി ഭൂമി എന്ന് രേഖപ്പെടുത്തിയതിനാൽ അതും വാങ്ങാനാകാത്ത സ്ഥിതിയായി. അതിനും ശേഷം ഭൂതിവഴിയിൽ 1.98 ഏക്കർ കണ്ടെത്തുകയും സബ് കലക്‌ടർ ഉൾപ്പെടെയുള്ള മേലധികാരികൾ സ്ഥലം സന്ദർശിക്കുകയും എത്രയും വേഗം അർഹരായവർക്ക് വിതരണം ചെയ്യാൻ ഉത്തരവിറക്കുകയും ചെയ്‌തു.
എല്ലാവിധ രേഖകളും കൃത്യമാണെങ്കിലും ഉത്തരവ് നടപ്പാക്കാന്‍ ഇപ്പോഴത്തെ തഹസിൽദാർ തയ്യാറാകുന്നില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഭൂമാഫിയകൾ നിർദേശിക്കുന്ന സ്ഥലം ഈ കുടുംബങ്ങളെ കൊണ്ട് നിർബന്ധപൂർവം വാങ്ങിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തഹസിൽദാർ കൂട്ടുനിൽക്കുകയാണെന്നും സമരക്കാർ ആരോപിക്കുന്നു. നിലവിൽ ഇവർ താമസിക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.