പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ നിശബ്ദ പങ്കാളിത്തം വഹിക്കുകയാണ് പാലക്കാട് വിളയൂരിലെ കുടുംബശ്രീ പ്രവർത്തകർ. കൊവിഡ് കാലത്ത് ഏറ്റവും പ്രാധാന്യമേറിയ പിപിഇ കിറ്റ് നിർമിച്ചാണ് ഈ വനിതാ കൂട്ടായ്മ കൊവിഡ് പ്രതിരോധത്തിൽ വ്യാപൃതരവുന്നത്. കഴിഞ്ഞ എട്ട് മാസമായി ഇവർ വിശ്രമമില്ലാതെ പിപിഇ കിറ്റുകൾ നിർമിക്കുന്നുണ്ട്.
എടപ്പലത്തെ മഞ്ചാടി ടൈലറിങ് യൂണിറ്റും കൂരാച്ചിപ്പാടി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ വനിതാ ടൈലറിങ് യൂണിറ്റുമാണ് പിപിഇ കിറ്റ് നിർമാണത്തിൽ ഏർപെട്ടിരിക്കുന്നത്. കൊവിഡ് രോഗികളെ പരിചരിക്കുന്നവർക്കും ആംബുലൻസ് ഡ്രൈവർമാർക്കുമുള്ള പിപ ഇ കിറ്റുകളാണ് ഇവിടെ തയ്യാറാക്കുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള ആശുപത്രികളിലേക്ക് വിളയൂരിൽ നിർമിക്കുന്ന പിപിഇ കിറ്റുകൾ എത്തിക്കുന്നുണ്ട്.
കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വെള്ള നിറത്തിലും ആംബുലൻസ് ഡ്രൈവർമാർക്ക് നീല നിറത്തിലുമാണ് പിപിഇ കിറ്റുകൾ നിർമിക്കുന്നത്. പ്രതിഫലം കുറവാണെങ്കിലും രാജ്യം നേരിടുന്ന മഹാമാരിയുടെ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാകാൻ പറ്റിയ ആത്മ സംതൃപ്തിയിലാണ് വിളയൂരിലെ ഈ സ്ത്രീ കൂട്ടായ്മ.