പാലക്കാട്: കോതകുറുശിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല നടന്നിട്ട് 74-ാം ദിവസത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. 55 സാക്ഷികളും 15 രേഖകളും ഹാജരാക്കി. ഭാര്യയെ കൊലപെടുത്തിയതിനും കുട്ടിയെ കൊല്ലാൻ ശ്രമിച്ചതിനും കുട്ടികൾക്കു നേരെയുള്ള അതിക്രമത്തിനുമാണ് കേസുകൾ.
സെപ്റ്റംബർ 28നാണ് കേസിനാസ്‌പദമായ സംഭവം. കോതകുറുശി ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനിയെ (38) ഭർത്താവ് കൃഷ്‌ണദാസൻ (48) മടവാൾകൊണ്ട് വെട്ടിക്കൊലപെടുത്തുകയായിരുന്നു. മകൾ അനഘയെ (13) വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കൃഷ്‌ണദാസും രജനിയും ഒരേ മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്.
രജനി ഉറങ്ങിക്കിടക്കുമ്പോൾ മടവാൾ കൊണ്ടു വെട്ടിക്കൊലപെടുത്തുകയായിരുന്നു. അനഘ തൊട്ടടുത്ത
മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. അവിടെചെന്ന് അനഘയേയും കൃഷ്‌ണദാസൻ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫിസർ എം സുജിത്തിന്‍റെ നേതൃത്വത്തിൽ കേസ് അന്വഷണം പൂർത്തിയാക്കി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.