പാലക്കാട്: അട്ടപ്പാടിയിൽ പോക്സോ കേസുകൾ ഗണ്യമായി വർധിക്കുന്നതായി നിയമസഭ സമിതി. അട്ടപ്പാടി മേഖലയിലെ ശിശുമരണം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഒ.ആർ കേളു അധ്യക്ഷനായ നിയമസഭ സമിതി ശുരുതര കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. അട്ടപ്പാടിയിലെ തെക്കേപുരുർ, വടകോട്ടത്തറ, കോട്ടത്തറ കോളനികൾ സമിതി സന്ദർശിച്ചു.
അട്ടപ്പാടിയിൽ പോക്സോ കേസുകൾ ഗണ്യമായി വർധിക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. പട്ടികജാതി പട്ടിക വർഗ വികസന, ആഭ്യന്തര വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തണമെന്നും സമിതി നിർദേശം നൽകി.
Also Read: വാളയാർ വനത്തിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
ആദിവാസി മേഖലകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയും അല്ലാതെയും വിവിധ പദ്ധതികൾക്ക് കോടിക്കണക്കിന് രൂപ സർക്കാർ ചെലവാക്കുന്നു. എന്നിട്ടും മാതൃ ശിശു മരണങ്ങൾ കൂടുന്നതിൽ സമിതി ആശങ്ക അറിയിച്ചു. ഫണ്ട് യഥാസമയം വിനിയോഗിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി ശുപാർശ ചെയ്തു.