പാലക്കാട്: വിദ്യാർത്ഥികൾക്ക് കാർഷിക ജീവിതത്തിന്റെ നല്ല പാഠങ്ങൾ പകർന്നു നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ഭാഗമായി ഞാറ് നട്ട് പാലക്കാട് മാട്ട് മന്തയിലെ പി എം ജി സ്‌കൂൾ വിദ്യാർഥികൾ.മാട്ട് മന്തയിലെ രണ്ടേക്കർ വയലിലാണ് കുട്ടികൾ നെൽകൃഷി ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി കുട്ടികൾക്ക് തന്‍റെ കൃഷി അനുഭവങ്ങൾ പകർന്നു നൽകിയതോടെ കുട്ടികൾ കൂടുതൽ ആവേശത്തിലായി.
കർഷകരെ ബഹുമാനിക്കുന്ന തലമുറയായി പുതിയ കാലത്തെ കുട്ടികൾ മാറണമെന്ന് മന്ത്രി പറഞ്ഞു.പിഎംജി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് കൃഷി, കൃഷിയിടം, കാർഷികജീവിതം എന്നിവയെ കുറിച്ച് അറിവ് പകരുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.