പാലക്കാട്: പട്ടാമ്പി ഗവൺമെന്‍റ് സംസ്‌കൃത കോളജിലെ ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാകുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പുവച്ചു. കോളജിയേറ്റ് എഡ്യുക്കേഷൻ ഡയറക്‌ടറേറ്റും, സ്പോർട്‌സ് കൗൺസിൽ ഡയറക്‌ടറേറ്റും തമ്മിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.
പട്ടാമ്പിയുടെ കായിക രംഗത്ത് കുതിച്ചു ചാട്ടം സാധ്യമാക്കാൻ കഴിയുന്ന പദ്ധതി രണ്ട് ഡയറക്‌ടറേറ്റുകൾ തമ്മിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ അനന്തമായി നീളുകയായിരുന്നു. പട്ടാമ്പി കോളജ് യൂണിയനും കോളജിലെ കായിക വകുപ്പും നിരവധി തവണ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ആവശ്യകത എംഎൽഎ മുമ്പാകെ ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ബജറ്റിൽ പദ്ധതി ഇടംപിടിച്ചത്.
വോളിബോൾ കോർട്ടുകൾ, ബാഡ്‌മിന്‍റൺ കോർട്ടുകൾ, ബാസ്ക്കറ്റ് ബോൾ കോർട്ട്, കാണികൾക്ക് കളി വീക്ഷിക്കുന്നതിനുള്ള ഗാലറികൾ തുടങ്ങിയവയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം വന്നതുകൊണ്ടു തന്നെ എസ്റ്റിമേറ്റിൽ അനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതായി വരും. ഇതിനു കിഫ്ബി അംഗീകാരം ലഭിച്ചയുടൻ തന്നെ പദ്ധതി ടെന്‍റർ ചെയ്യും. പദ്ധതി എത്രയും പെട്ടന്നുതന്നെ പ്രാവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ പറഞ്ഞു.
Also Read: കോട്ടയം കൊലപാതകം; മുഖ്യപ്രതിയെ കൂടാതെ 15 പേര്‍ക്ക് പങ്കെന്ന് പൊലീസ്