പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂരില്‍ പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ നിര്‍മിച്ച പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടം കാടു കയറി നശിച്ച നിലയില്‍. 1989ല്‍ നിര്‍മിച്ച കെട്ടിടം സംരക്ഷിക്കാന്‍ സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പട്ടാമ്പിയില്‍ എസ്‌സി- എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ നിര്‍മിച്ചതാണ് കെട്ടിടം. എന്നാല്‍ 2010 ല്‍ കുട്ടികളാരും ഇല്ലാത്ത അവസ്ഥയില്‍ സ്ഥാപനം അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാരെ മറ്റ് ഹോസ്റ്റലുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്‌തു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തില്‍ പിന്നീട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തുടങ്ങാനാവുമോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല.
നവീകരിച്ചെടുത്താല്‍ ഐടിഐ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും വരെ പ്രവർത്തിക്കാൻ തക്ക സൗകര്യമുള്ള കെട്ടിടമാണ് ഇന്ന് കാട് മൂടിയ അവസ്ഥയിലുള്ളത്. സംസ്ഥാന സർക്കാർ പട്ടികജാതി വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ ലക്ഷങ്ങൾ ചിലവഴിച്ച് പുതിയ പ്രീ മെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിര്‍മിക്കുമ്പോഴും ഓങ്ങല്ലൂർ പഞ്ചായത്തിലെ അണ്ടലാടിയിലുള്ള സർക്കാർ പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിടത്തിനോടുള്ള അവഗണന തുടരുകയാണ്.