പാലക്കാട്: പട്ടാമ്പി മത്സ്യമാർക്കറ്റിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 45 ദിവസമായി മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. മാർക്കറ്റുമായി ബന്ധപ്പെട്ടുള്ള രോഗികളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ആദ്യം ഹോൾസെയിൽ കച്ചവടം മാത്രമാണ് അനുവദിക്കുന്നത്. പുലർച്ചെ അഞ്ച് മണി മുതൽ 7.30 വരെയാണ് പ്രവർത്തനസമയം. പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇതിനായി മാർക്കറ്റ് പരിസരത്ത് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്‌ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് റീട്ടെയിൽ വിൽപനക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പട്ടാമ്പി ക്ലസ്റ്റർ ഇൻസിഡന്‍റൽ കമാൻഡർ കൂടിയായ ഒറ്റപ്പാലം സബ് കലക്‌ടർ ഉത്തരവ് നൽകിയിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ച് മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ജൂലൈ 17ന് മാർക്കറ്റിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റും അനുബന്ധ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ സമ്പർക്കത്തിലൂടെയുള്ള കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും മാർക്കറ്റ് കൊവിഡ് ക്ലസ്റ്ററായി മാറുകയും പട്ടാമ്പിയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമായിരുന്നു. കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച് ആന്‍റിജൻ പരിശോധനാ ക്യാമ്പിന്‍റെ പ്രവർത്തനം തുടരുകയാണ്. രോഗവ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ വരുത്തിയിരുന്നു. അതിന്‍റെ ഭാഗമായാണ് ഇപ്പോൾ മാർക്കറ്റ് തുറന്നത്.