പാലക്കാട് : വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ ടോറസ് ലോറി ഉടമകള്‍ നടത്തിവന്ന പണിമുടക്ക് അവസാനിപ്പിച്ചു. തൃശൂരില്‍ മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. പന്നിയങ്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ ഈടാക്കുന്നതിനെതിരെ കേരള ടോറസ് ടിപ്പർ അസോസിയേഷന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്‌ച അര്‍ധരാത്രി മുതലാണ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
Also read: നിരക്ക് വര്‍ധനവില്‍ ധാരണ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു
ഉദ്യോഗസ്ഥരുമായി സംസാരിച്ച് 15 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ചര്‍ച്ചയ്‌ക്ക് ശേഷം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതുവരെ നിലവിലെ നിരക്കിൽ ടോൾ നൽകാനാണ് ടോറസ് ലോറി ഉടമകളുടെ തീരുമാനം. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോൺസൺ പടമാടൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ആന്‍റണി, തൃശൂർ ജില്ല പ്രസിഡന്‍റ് കെ ജെ ഷിജു, ജില്ല സെക്രട്ടറി ജയ്‌സണ്‍ എന്നിവരാണ് മന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്.