പാലക്കാട് : നഗരത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന അനസ് എന്ന യുവാവ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണ്. തലയില്‍ നിന്ന് രക്തസ്രാവമുണ്ടായതായും മര്‍ദനത്തില്‍ കാലിന് പരിക്കേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിനെ പൊലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേര്‍ന്നാണ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്. പൊലീസ് ഉദ്യോഗസ്ഥനായ റഫീഖിനൊപ്പം എത്തിയ നരികുത്തി സ്വദേശി ഫിറോസ്, അനസിനെ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ റഫീഖിനെക്കൂടി കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ബാറ്റുകൊണ്ട് രണ്ടുവട്ടം അടിച്ചു : പാലക്കാട് വിക്ടോറിയ കോളജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. അനസും സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ വൈരാഗ്യത്തില്‍ പിന്നീട്, വിക്ടോറിയ കോളജിന് മുന്‍പിലേക്ക് റഫീഖിനൊപ്പം ഫിറോസ് എത്തി ബാറ്റുകൊണ്ട് അനസിനെ മര്‍ദിക്കുകയായിരുന്നു.
ഫിറോസിന്‍റെ രണ്ടാമത്തെ അടികൊണ്ട ഉടന്‍ അനസ് നിലത്തുവീണു. പരിക്കേറ്റ അനസിനെ റഫീഖും ഫിറോസും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ കയറ്റി ജില്ല ആശുപത്രിയിലെത്തിച്ചത്. പക്ഷേ, രാത്രിയോടെ മരണം സംഭവിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്.
എന്നാല്‍, പരിക്കുകണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് സംഭവം പുറത്തായത്. കസ്റ്റഡിയിലുള്ള ഫിറോസ് അനസിനെ മര്‍ദിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. അബദ്ധത്തില്‍ തലയ്ക്കടിയേറ്റു എന്നാണ് ഫിറോസിന്‍റെ മൊഴി. ഫിറോസ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അനസിന്‍റെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.