തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവം തലസ്ഥാന നഗരിയിലെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ കൊടിയിറങ്ങുമ്പോൾ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻ പട്ടം സ്വന്തമാക്കി പാലക്കാട്. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുo അടക്കം 269 പോയിന്‍റാണ് പാലക്കാട് സ്വന്തമാക്കിയത്.
കായിക മേളയുടെ ആദ്യ മത്സരയിനത്തിന്‍റെ സ്വർണവും അവസാന മത്സരമായ സീനിയർ വിഭാഗം 400 മീറ്റർ റിലേയിലും സ്വർണം കൊയ്‌താണ് പാലക്കാട് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയത്. സ്‌കൂള്‍ തല മത്സരത്തിൽ പാലക്കാട് ജില്ലയിലെ കെഎച്ച്എസ് കുമരംപുത്തൂർ രണ്ടാം സ്ഥാനം നേടിയപ്പോള്‍ നാലാം സ്ഥാനം കൈപിടിയിലൊതുക്കിയത് എച്ച്എസ് പറളിയാണ്.
ഇൻഡിവിജ്വൽ ചാമ്പ്യൻസിൽ അഞ്ച് നേട്ടങ്ങളാണ് പാലക്കാട് ജില്ല സ്വന്തമാക്കിയത് . സബ്‌ജൂനിയർ ബോയ്‌സ് 600 മീറ്ററിലും 400 മീറ്ററിലും കുമരംപുത്തൂർ എച്ച്‌എസും, ജൂനിയർ ഗേൾസിൽ 200, 600, 400 മീറ്റർ മത്സരങ്ങളിൽ ജിഎച്ച്എസ്എസ് കൊടുവയൂർ, ജൂനിയർ ബോയ്‌സിൽ 3000, 1500, 800 മീറ്ററിൽ ജിഎച്ച്എസ്എസ് ചിറ്റൂരും സീനിയർ ബോയ്‌സ്, ജൂനിയർ ഗേൾസ് വിഭാഗത്തിൽ 400, 200, 400 മീറ്ററിൽ എച്ച് എസ് പറളി സ്‌കൂളും നേട്ടങ്ങൾ കൊയ്‌തു.
മുൻപ് പലതവണ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും തുടർച്ചയായി രണ്ട് വട്ടം ചാമ്പ്യൻപട്ടം നേടുന്നത് ഇതാദ്യമാണ്. ടീമുകളെക്കാൾ വളരെയധികം മുന്നിലാണ് പാലക്കാടിന്‍റെ പോയിന്‍റ് നില. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 149 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 122 പോയിന്‍റുമാണ് നേടാനായത്.