പാലക്കാട്: കൊവിഡ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നടത്തുന്ന ഡ്രൈ റണ്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വിജയകരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.പി റീത്ത. ആദ്യത്തെ ഒരു മണിയ്ക്കൂര്‍ ഡിഎംഒ നേരിട്ടു വിലയിരുത്തി. വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ രണ്ടു മണിക്കൂറില്‍ 25 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാവുമെന്ന് ഡിഎംഒ അറിയിച്ചു. നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ രണ്ടുമണിക്കൂര്‍ നേരമായിരുന്നു ഡ്രൈ റണ്‍. പാലക്കാട് ജില്ലയില്‍ ജനുവരി ഒന്നു വരെ 24,648 പേരാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തത്. പാലക്കാടിന് പുറമെ വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഡ്രൈറണ്‍ സംഘടിപ്പിച്ചിരുന്നു.
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നാലു റൂമുകളിലാണ് വാക്‌സിനേഷനായി ക്രമീകരിച്ചിരുന്നത്. ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനോടനുബന്ധിച്ചുള്ള ഡ്രൈ റണ്‍ പൂർത്തിയായി. നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ കൊവിഡ് വാക്സിനേഷൻ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നടന്ന ഡ്രൈ റണ്ണിൽ രജിസ്റ്റർ ചെയ്ത 25 ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. പി റീത്ത അറിയിച്ചു.
ഒരു വാക്‌സിനേറ്റര്‍ ഓഫിസറും നാല് വാക്‌സിനേഷന്‍ ഓഫിസര്‍മാരും അടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിച്ചത്. ഇതേ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. ആദ്യത്തെ റൂം വാക്‌സിന്‍ എടുക്കുന്നവര്‍ക്കുള്ള കാത്തിരിപ്പു കേന്ദ്രമായി പ്രവര്‍ത്തിക്കും. ഇവിടെ ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുന്നതിന് പൊലീസ്, അല്ലെങ്കില്‍ എന്‍സിസി കേഡറ്റ് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാവും.