പാലക്കാട്: ഒമിക്രോൺ - കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്‌നാടിന്‍റെ വാഹനപരിശോധന തുടരുന്നു. ദേശീയ പാത ബാരിക്കേഡുവച്ച് പൂർണമായും അടച്ചതിനാൽ രണ്ടുദിവസമായി വൻ ഗതാഗതക്കുരുക്കാണ്. ഇതിനെതിരെ യാത്രക്കാര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പരിശോധനക്കായി കാത്തിരിക്കുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടുകിടക്കുകയാണ്.
രണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ, 72 മണിക്കൂറിനകമെടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവരെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ചാവടിപ്പാലത്തിന് സമീപമാണ് പരിശോധന കേന്ദ്രം സജ്ജീകരിച്ചത്. കാർ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കാൻ തമിഴ്‌നാട് ആരോഗ്യ- റവന്യൂ- പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് ക്യാമ്പ് ചെയ്യുന്നത്.
വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന
ചരക്ക് ലോറികളും, കെ.എസ്.ആർ.ടി.സി- തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസുകളും ദേശീയ പാത അടച്ചതിനാൽ പരിശോധന കേന്ദ്രത്തിന് മുന്നിലൂടെയാണു സർവീസ് നടത്തുന്നത്. സംസ്ഥാനത്തുനിന്നുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിന്‍ പൂർത്തിയാക്കിയതിനാൽ അതിർത്തിയിൽ ആരെയും മടക്കിയയക്കുന്നില്ല. ചരക്ക് വാഹനങ്ങൾ, ബസ് എന്നിവയും പരിശോധനക്കായി നിർത്തേണ്ടതില്ല.
ഈ സാഹചര്യത്തിൽ ദേശീയ പാതയിലെ ബാരിക്കേഡ് മാറ്റി വലിയ വാഹനങ്ങൾ കടന്ന് പോകാൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൊവിഡ് രണ്ടാം തരംഗത്തിൽ യാത്ര വാഹനങ്ങൾ സർവീസ് റോഡിലൂടെയും ചരക്ക് വാഹനങ്ങളെ ദേശീയ പാത വഴിയുമാണ് കടത്തിവിട്ടത്. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ വരും ദിവസങ്ങളിൽ അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്നാണ് സൂചന.
ALSO READ: മദ്യപിച്ചെത്തി സൈനികന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി; വീഡിയോ പുറത്ത്