പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിനകത്ത് ആരംഭിക്കുന്ന പുതിയ ബസ് ടെർമിനലിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നു. 2020 മാർച്ചിൽ നിർമ്മാണം പൂർത്തിയാകുമെന്ന് പറഞ്ഞതാണ് ഇതുവരെ പണികൾ തീരാതെ പാതിവഴിയിൽ കിടക്കുന്നത്. ടെർമിനലിന്‍റെ നിർമ്മാണത്തിൽ ചില മാറ്റങ്ങൾ വരുത്തിയതാണ് പ്രവർത്തനം വൈകാനുള്ള കാരണമായി നഗരസഭ അധികൃതർ പറയുന്നത്.
ഓട്ടോ സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ് പുതിയ ടെർമിനർ നിർമ്മിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപയുടേതാണ് പദ്ധതി. നിലവിൽ ബിൽഡിങ്ങിന്‍റെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. യാർഡ് നിർമ്മാണവും പൂർത്തിയാകാൻ ബാക്കിയുണ്ട്.
നിലവിൽ സ്റ്റാൻഡിലെ ബസ് ബേയിൽ 16 ബസുകൾ മാത്രം നിറുത്താനുള്ള സൗകര്യമാണുള്ളത്. ഇതുമൂലം സ്റ്റാൻഡിനകത്ത് ഇരുഭാഗത്തുമുള്ള റോഡിലാണ് ബസുകൾ നിറുത്തിയിടുന്നത്. ഇത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇത്തരം ഭാഗങ്ങളിൽ ഇരിപ്പിടമില്ലാത്തതിനാൽ കടകൾക്ക് മുന്നിലുള്ള നടപ്പാതകളിലാണ് യാത്രക്കാർ മഴയും വെയിലും കൊള്ളാതിരിക്കാൻ കയറി നിൽക്കുന്നത്. ബസ് ബേയിലുള്ള ഇരിപ്പിടങ്ങൾ കാലപ്പഴക്കം മൂലം പലതും തുരുമ്പെടുത്ത നിലയിലാണ്. കൂടാതെ മതിയായ ശൗചാലയ സൗകര്യവുമില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് പുതിയ ടെർമിനൽ നിർമ്മാണം പൂർത്തിയായാൽ മാത്രമേ പരിഹാരമാകൂ.
ALSO READ: മലമ്പുഴ കുമ്പാച്ചി മലയിൽ നിയന്ത്രണം: പ്രവേശിക്കുന്നവർക്കെതിരെ കേസും പിഴയും
32 ബസുകൾ നിറുത്തിയിടാം
പുതിയ ടെർമിനലിൽ 32 ബസുകൾക്ക് നിൽക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കൂടാതെ ഇൻഫർമേഷൻ സെന്‍റർ, ഫീഡിംഗ് റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആറുവീതം ശൗചാലയം, നാല് കടമുറികൾ എന്നിവയുണ്ടാകും. മൂന്ന് മീറ്റർ വീതിയിൽ ഇരുഭാഗത്തുമായി ക്രമീകരിക്കുന്ന ഇരിപ്പിടങ്ങളിൽ 40ലധികം പേർക്ക് ഇരിക്കാനും സൗകര്യം ഒരുക്കും.
മാർച്ചിൽ പൂർത്തിയാകും
ടെർമിനലിന്‍റെ റിവേഴ്‌സ് എസ്റ്റിമേറ്റ് കഴിഞ്ഞ ആഴ്‌ചയാണ് ചീഫ് എൻജിനീയറുടെ ഓഫീസിൽ നിന്ന് ലഭിച്ചത്. യാർഡിന്‍റെ പ്രവർത്തനം ഉടൻ ആരംഭിക്കും. നിലവിൽ മണ്ണ് മാറ്റൽ പണികൾ ആരംഭിച്ചിട്ടുണ്ട്. ബിൽഡിങ്ങിന്‍റെ ഭൂരിഭാഗം പണികളും പൂർത്തിയായിട്ടുണ്ട്. റൂഫീംഗ്, ക്ലോസറ്റുകൾ, ടാപ്പുകൾ, വാതിലുകൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. യാർഡ് നിർമ്മാണത്തോടൊപ്പം ഇവയുടെ പണികളും പൂർത്തിയാക്കും. അടുത്തമാസം അവസാനത്തോടെ നിർമ്മാണപ്രവർത്തനം പൂർത്തിയാകും.