പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിലെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്തവർ ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചവരുമായ പാലക്കാട് നഗരത്തിലുള്ളവരെന്നാണ് സൂചന. ഇവരുടെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി.
പ്രധാന പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന് ഉത്തര മേഖല ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തന്നെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് കാവിൽപ്പാട് യൂണിറ്റ് പ്രസിഡന്‍റ് കല്ലമ്പറമ്പിൽ അഷ്‌റഫ് (29), കുന്നംപുറം സ്വദേശി അഷ്‌വാക്ക് (24), ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സ്വദേശി സദ്ദാം ഹുസൈൻ(30) എന്നിവരെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികൾ ഉപയോഗിച്ച മൂന്ന് ഇരുചക്രവാഹനങ്ങളും ആയുധം കടത്തിയ പെട്ടി ഓട്ടോയും തെളിവെടുപ്പിനിടെ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ശംഖുവാരത്തോട് പള്ളിയിൽ നിന്ന് പ്രതികളുപേക്ഷിച്ചെന്ന് കരുതപ്പെടുന്ന മൊബൈലും വ്യക്തിഗത രേഖകളും കണ്ടെത്തി. ഏഴ് പ്രതികളാണ് ഇതുവരെ റിമാൻഡിലുള്ളത്.
READ MORE:പാലക്കാട് ശ്രീനിവാസൻ വധം : നാല് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍