പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകനിലവാരം മെച്ചപ്പെടുത്താനുള്ള സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 ബ്ലോക്കുകളിൽ ന്യൂട്രീഷന്‍ ക്ലിനിക്കുകൾ ആരംഭിച്ചു. വ്യക്തികളുടെ പോഷക നിലവാരം വിലയിരുത്തുക, പോഷകാഹാര കൗൺസിലിങ് നൽകുക, ഗുണഭോക്താക്കളുടെ ദൈനംദിന ജീവിതത്തെ ഉചിതമായ നിലവാരത്തിലെത്തിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക തുടങ്ങിയവയാണ് ക്ലിനിക്കുകൾ കൊണ്ട് ലക്ഷ്യമിടുന്നത്.
ജില്ലയിലെ ഐസിഡിഎസ് ഓഫീസിനോട് ചേർന്നാണ് ന്യൂട്രീഷൻ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളത്. ക്ലിനിക്കുകളിലൂടെ ഗുണഭോക്താക്കളെ ബോധവത്ക്കുകയും പ്രായോഗിക നിർദേശങ്ങൾ നൽകുകയും ചെയ്യും. ആഴ്ച്ചയിൽ രണ്ടു ദിവസം രണ്ട് മണിക്കൂർ വീതം ന്യൂട്രീഷനിസ്റ്റുകളുടെ സേവനം ലഭ്യമാണ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ ക്ലിനിക്കൽ പരിചയവുമുള്ളവരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ക്ലിനിക്കിൽ എത്താതെ ആളുകൾക്ക് ടെലി മെഡിസിൻ സംവിധാനവും പ്രയോജനപ്പെടുത്താവുന്നതാണ്.
ഗർഭിണികളിൽ സാധാരണ കണ്ടുവരുന്ന അനീമിയ, ആർത്തവകാലത്ത് പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലിനിക്കുകൾ വഴി പ്രത്യേക ബോധവത്കരണം നടത്തും. അങ്കണവാടി അധ്യാപകർ വഴി പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും ന്യൂട്രീഷൻ ക്ലിനിക്കുകളുടെ സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുമെന്ന് ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ സി. ലത അറിയിച്ചു.