പാലക്കാട്: ദേശീയപാതയിൽ അട്ടപ്പള്ളത്ത് കാർ യാത്രികരെ അക്രമിച്ച് കാറും പണവും തട്ടിയ കേസിൽ കാറും കാറിലുണ്ടായിരുന്ന പണവും പൊലീസ് കണ്ടെത്തി. ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച 15 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ ദേശീയപാതയിൽ മുണ്ടൂരിനു സമീപം കുറ്റിക്കാട്ടിലാണ് കാർ കണ്ടെത്തിയത്.
ഡാഷ് ബോർഡ്, സീറ്റുകൾ എന്നിവ നശിപ്പിച്ചിട്ടുണ്ട്. പൊലീസ് നായ മണം പിടിക്കാതിരിക്കാൻ കാറിനുള്ളിൽ മുളകുപൊടി വിതറിയിരുന്നു. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ സംഘം കവർന്നെന്നും ഇവരുടെ കണ്ണിൽപ്പെടാത്ത 15 ലക്ഷം രൂപയാണ് സീറ്റിനടിയിൽ നിന്ന് ലഭിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ചൊവ്വാഴ്‌ച പുലർച്ചെ അഞ്ചരയോടെയാണ് കേസിന് ആസ്‌പദമായ സംഭവം. കാർ ഓടിച്ച മജീദിനെ റോഡിൽ തള്ളിയിട്ട് കാറിലുണ്ടായിരുന്ന ബഷീറുമായി സംഘം കടന്നു. മുട്ടിക്കുളങ്ങരയില്‍ എത്തിയപ്പോൾ ബഷീറിനെയും റോഡിലേക്ക് തള്ളിയിട്ടു. പണം കൈക്കലാക്കിയ ശേഷം കാർ മുണ്ടൂരിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.
കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തതായി സംഭവശേഷം മജീദ് വാളയാർ പൊലീസിൽ പരാതി നൽകിയിരുന്നു. കാർ യാത്രികരായ മലപ്പുറം വേങ്ങര സ്വദേശികളായ മജീദ്, ബഷീർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകൾ നൽകിയിട്ടില്ല.
മജീദും ബഷീറും സേലത്തേക്കുപോയത് മറ്റൊരു കാറിലാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയാണെന്നും തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും വാളയാർ എസ്‌എച്ച്‌ഒ എ അജീഷ് പറഞ്ഞു.