പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് സുബൈറിന്‍റെയും ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെയും കൊലപാതകം പരിശീലനം കിട്ടിയ സംഘം നടത്തിയ ആസൂത്രിത അക്രമമെന്ന് പൊലീസ്. സെക്കൻഡുകൾക്കം ഒരാളെ കൊല്ലാൻ കഴിയുംവിധം വിദഗ്‌ധ പരിശീലനം കിട്ടിയ സംഘമാണ് കൊലപാതകം നടത്തിയത്. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും സമാനരീതിയിലാണ് കൊലപാതകത്തിന് ആയുധ പരിശീലനം നൽകുന്നതെന്നും പൊലീസ് പറയുന്നു.
അതാണ് ഇരുകൊലപാതകത്തിലും പ്രതികൾ പ്രയോഗിച്ചത്. സുബൈറിന് ശരീരത്തിൽ ചെറുതും വലുതുമായ മുപ്പതിലേറെ മുറിവുണ്ട്. ആദ്യം കാലിൽ വെട്ടുക, പിന്നീട് തലയിലും കഴുത്തിലും വെട്ടുക എന്നതാണ് രീതി. കഴുത്തിനും കാലുകൾക്കുമേറ്റ ആഴത്തിലുള്ള മുറിവുകളിൽനിന്ന് ചോരവാർന്നാണ് സുബൈർ മരിച്ചത്. കാറിടിച്ച് വീഴ്‌ത്തിയശേഷം അക്രമികൾ തുടരെ വെട്ടുകയായിരുന്നു.
തല വെട്ടിപ്പൊളിച്ച നിലയില്‍: എസ്.ഡി.പി.ഐയുടെ സ്ഥിരം രീതിയാണ് ശ്രീനിവാസനെ കൊലപ്പെടുത്താനും പ്രയോഗിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഓടാതിരിക്കാൻ വലതുകാലിൽ വെട്ടി വീഴ്‌ത്തിയശേഷം തലയ്ക്ക് പിൻഭാഗത്തും നെറുകയിലും ആഴത്തിൽ വെട്ടി. തടുക്കാൻ ശ്രമിക്കുമ്പോൾ കൈകളിലും വെട്ടി. ശരീരത്തിൽ ആഴത്തിലുള്ള പത്തോളം മുറിവുണ്ട്. തലയുടെ ഇടതുഭാഗം വെട്ടിപ്പൊളിച്ച നിലയിലാണ്.
ALSO READ | പാലക്കാട്ടെ കൊലപാതകങ്ങള്‍ : അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
രണ്ട് തുടയിലും ആഴത്തിലുള്ള മുറിവുണ്ട്. പൊലീസ് സർജന്‍റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടുത്തദിവസങ്ങളിൽ അന്വേഷണ സംഘത്തിന് കൈമാറും. അഞ്ച് മാസം മുന്‍പ് എലപ്പുള്ളി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ സമാനരീതിയിൽ കാറിടിച്ചുവീഴ്‌ത്തിയാണ് എസ്.ഡി.പി.ഐക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. ഓടാതിരിക്കാൻ കാലിൽ വെട്ടിയിരുന്നു. എസ്.ഡി.പി.ഐയുടെ കൊലപാതകരീതി സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലകളിൽ സമാനമാണെന്ന് കണ്ടെത്തലുണ്ട്.