പാലക്കാട്: പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ് പാലക്കാട് നഗരസഭ. നഗരസഭയുടെ ആറ് ഡിവിഷനുകളിലായി 18 മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ജൈവ- അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സ്വീകരിക്കാനും സംവിധാനമുണ്ട്.
ജൈവ മാലിന്യങ്ങൾ ഈ കേന്ദ്രങ്ങളിൽ വച്ച് തന്നെ കമ്പോസ്റ്റായി മാറ്റുകയാണ്. അജൈവ മാലിന്യങ്ങളിൽ പുനരുപയോഗം സാധ്യമായവ വേർതിരിച്ച് വിൽക്കും. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ളവ സംസ്ക്കരിക്കാനായി നഗരസഭാ പരിധിക്കുള്ളിൽ തന്നെ സംസ്ക്കരണ പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ പതിനൊന്ന് വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുമാണ് മാലിന്യം സ്വീകരിക്കുന്ന സമയം. പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചതിനു ശേഷം ആളുകൾ നിരത്തു വക്കിലും പുഴകളിലും മാലിന്യം വലിച്ചെറിയുന്നതിൽ ഏറെ മാറ്റം വന്നിട്ടുണ്ടെന്നാണ് നഗരസഭാവാസികൾ പറയുന്നത് .