പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് 80 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. പുലർച്ചെ അഞ്ചരയോടെയെത്തിയ ചെന്നൈ മംഗലാപുരം ട്രെയിനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇതേ തുടർന്ന് സഹോദരങ്ങളായ മുഹമ്മദ് ഷഫീഖ്, അബ്ദുൾ ഖാദർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മലപ്പുറം സ്വദേശികളാണ്. കാട്‌പടിയിൽ നിന്നും ട്രെയിൻ കയറിയ ഇവർ കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തിരുന്നത്.
പണം മലപ്പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ പൊലീസിന് മൊഴി നൽകി. തമിഴ്നാടും ആന്ധ്രയും കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ് കള്ളപ്പണ വേട്ടക്ക് പിന്നിലെന്നാണ് സൂചന. ഈ ആഴ്ച രണ്ടാം തവണയാണ് പാലക്കാട് നിന്നും കള്ളപ്പണം പിടികൂടുന്നത്. എൻഫോഴ്സ്‌മെന്‍റും ഐബിയും അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു.