പാലക്കാട്: ആദിവാസി ശിശുമരണങ്ങളെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പോഷകാഹാര വിതരണം നിർത്തി. ഡിഎംഒ ഓഫീസിൽ നിന്നും തുക കൈമാറാതായതോടെയാണ് പദ്ധതി അവതാളത്തിലായത്. തുക ലഭിക്കാതെ വന്നതോടെ ഭീമമായ കുടിശ്ശിക നേരിട്ട ആശുപത്രി അധികൃതർക്ക് പോഷകാഹാര വിതരണം നിർത്തി വെക്കുകയല്ലാതെ തരമില്ലായിരുന്നു. ഇതോടെ രോഗികൾ ദുരിതത്തിലായി.
രോഗികളുടെ ദുരിതം മനസ്സിലാക്കിയ വ്യാപാരികൾ ഈ പദ്ധതി ഏറ്റെടുക്കുകാൻ തയ്യാറായി. പദ്ധതിക്കാവശ്യമായ തുക ലഭിക്കുന്നത് വരെ വിതരണം തുടരുമെന്നും അടിയന്തര പ്രാധാന്യം നൽകി വിഷയം പരിഹരിക്കുവാനുള്ള ഇടപെടലുകൾ ഉന്നതാധികാരികൾ നടത്തണമെന്നും വ്യാപാരികൾ പറഞ്ഞു. പ്രകാശൻ, മുഹമ്മദ് ഇഖ്ബാൽ, ബോബി പി ജോർജ്, ബാലകുമാരൻ തുടങ്ങിയ വ്യാപാരികളുടെ നേതൃത്വത്തിലാണ് നിത്യേനയുള്ള ഭക്ഷണ വിതരണം നടക്കുന്നത്.
യൂണിസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയ ലോകോത്തര സംഘടനകൾ നടത്തിയ പഠനങ്ങളിൽ ആദിവാസി വിഭാഗങ്ങളിലെ ശിശുമരണത്തിന് പോഷകാഹാരക്കുറവ് ഒരു പ്രധാന കാരണമാണെന്ന് കണ്ടെത്തിയിരുന്ന ഈ മേഖലയിലെ ആൾക്കാർക്ക് പോഷക ആഹാരം നൽകുന്ന പദ്ധതി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.