പാലക്കാട്: കല്‍പാത്തി രഥോത്സവ ചടങ്ങുകള്‍ക്ക് ഭക്തി സാന്ദ്രമായ തുടക്കം. പ്രധാന ക്ഷേത്രമായ കല്‍പാത്തി വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് രാവിലെ കൊടിയേറി. പിന്നാലെ പഴയ കൽപാത്തി ലക്ഷ്‌മീ നാരായണ പെരുമാൾ ക്ഷേത്രത്തിലും പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറ്റമുണ്ടായി.
നവംബര്‍ 12നാണ് അഞ്ചാം തിരുനാൾ ആഘോഷം. അഞ്ചാം തിരുനാള്‍ ദിനത്തില്‍ കല്‍പാത്തി ജങ്ഷനിൽ രാത്രി 11.30ന് ചെറുരഥങ്ങൾ സംഗമിക്കും. തുടര്‍ന്ന് 14, 15, 16 ദിവസങ്ങളിലാണ് രഥോത്സവം.
കല്‍പാത്തി ഉത്സവത്തോട് കൂടി ജില്ലയിലെ അഗ്രഹാര ക്ഷേത്രങ്ങളിൽ ആറുമാസം നീളുന്ന രഥോത്സവങ്ങൾക്ക് തുടക്കമാകും. രഥോത്സവങ്ങള്‍ക്ക് മുമ്പ് നടക്കുന്ന വാസ്‌തു ശാന്തി തിങ്കളാഴ്‌ച നടന്നു. രഥങ്ങളുടെ അറ്റകുറ്റപണികൾ അവസാന ഘട്ടത്തിലാണ്.
ജില്ലയിലെയും പരിസരങ്ങളിലെയും ഏറ്റവും വലിയ വാണിജ്യ ഉത്സവം കൂടിയാണ് രഥോത്സവം. ദേശീയ സംഗീതോത്സവത്തിനും ഇന്ന് തുടക്കമായി. പാലക്കാട് സംസ്ഥാന ടൂറിസം - സാംസ്‌കാരിക വകുപ്പും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന കൽപാത്തി ദേശീയ സംഗീതോത്സവത്തിന് ബുധനാഴ്‌ച തിരിതെളിയും.
ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച സംഗീത കലാനിധി ടി.വി ശങ്കരനാരായണൻ നഗർ വേദിയിലാണ് സംഗീതോത്സവം നടക്കുക. പുരന്ദരദാസർ ദിനമായി ആഘോഷിക്കുന്ന ഇന്ന് വൈകിട്ട് ആറിന് വി.കെ ശ്രീകണ്‌ഠൻ എം.പി ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴിന് കുന്നക്കുടി എം.ബാലമുരളിയുടെ സംഗീത കച്ചേരിയും നടക്കും.
രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 16ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. മുമ്പ് നിശ്ചയിച്ചത് പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.