പാലക്കാട് : കൽപ്പാത്തി തെരുവുകളെ ഭക്തിസാന്ദ്രമാക്കി രഥോത്സവം. പ്രാർഥനാ നിറവോടെ രഥങ്ങൾ പ്രയാണം ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ രണ്ട് വർഷത്തിന് ശേഷമാണ് രഥോത്സവം നടക്കുന്നത്. അതുകൊണ്ട് തന്നെ കൽപ്പാത്തിയിൽ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്ന് വൈകിട്ടാണ് രഥങ്ങളുടെ പ്രയാണത്തിന് തുടക്കമായത്. ജനങ്ങൾ ആവേശത്തോടെയാണ് രഥോത്സവത്തിനായി എത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജനപ്രതിനിധികള്‍ ആചാരപ്പെരുമയ്‌ക്ക് നേതൃത്വം നല്‍കാന്‍ സന്നിഹിതരായി.
വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്‌മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലായാണ് ഉത്സവത്തിന് കൊടിയേറിയിരിക്കുന്നത്. ഒന്നാം രഥോത്സവമാണ് ഇന്ന് ആരംഭിച്ചത്. ചൊവ്വാഴ്‌ച രണ്ടാം തേരും ബുധനാഴ്‌ച മൂന്നാം തേരും രഥ സംഗമവും നടക്കും.
'കാശിയിൽ പാതി കൽപ്പാത്തി': പാലക്കാടിന്‍റെ സാംസ്‌കാരിക ആഘോഷം കൂടിയാണ് രഥോത്സവം. ഭഗവദ്പ്രതിഷ്‌ഠയോടുകൂടിയ അലങ്കരിച്ച ദേവരഥങ്ങളാണ് കൽപ്പാത്തി തെരുവുകളിലൂടെ ആയിരങ്ങൾ വലിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്‌തമായ കാശി വിശ്വനാഥസ്വാമിക്ഷേത്രം സന്ദർശിച്ചുമടങ്ങിയ തമിഴ്‌നാട് മായാവാരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടുവന്ന ശിവന്‍റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം. കാശി വിശ്വനാഥസ്വാമി ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പാതി കൽപ്പാത്തി എന്നാണ് പഴഞ്ചൊല്ല് .