പാലക്കാട്: വ്യാജ ഫോറസ്റ്റ് ഓഫിസർ ചമഞ്ഞ് വൻ തുകകൾ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് (29) അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും വ്യാജമായി നിർമിച്ചായിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തോളമായി ബാലസുബ്രഹ്മണ്യത്തിന്റെ തട്ടിപ്പ്. നാട്ടുകാരെയും ബാങ്കിനെയും പറ്റിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് ഫോറസ്റ്റ് ഓഫിസ് പരിധിയിലെ മിക്ക വീട്ടുകാർക്കും നാട്ടുകാർക്കും ബാലസുബ്രഹ്മണ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്ന ലേബൽ ഉപയോഗിച്ച് പലരിൽ നിന്ന് പണം കടംവാങ്ങി മുങ്ങിയതായും നാട്ടുകാർ പറയുന്നു. കടംവാങ്ങിയാൽ ആര്‍ക്കും തിരിച്ചു കൊടുക്കുന്ന പതിവില്ല. രണ്ട് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങളാണ് ഇയാള്‍ വായ്‌പയായി തട്ടിയെടുത്തത്. ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കി.
ഒലവക്കോട്ടുള്ള വനംവകുപ്പ് ഓഫിസിൽ ജോലിചെയ്യുന്നു എന്നാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പരാതികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പാലക്കാട് ഡി.എഫ്.ഒ വിവരം ചൂണ്ടിക്കാട്ടി സൗത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ള സർക്കാർ ജീവനക്കാരും പരാതിയുമായി എത്തിയതോടെ ബാലസുബ്രഹ്മണ്യൻ ഒളിവില്‍ പോയി. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പ്രതി മുങ്ങിയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും യൂണിഫോമുകൾ കണ്ടെത്തി. വീട്ടിൽ ഒളിപ്പിച്ച വ്യാജ സീലുകളും മുദ്രകളും പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസിന്‍റെ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ വലയിലാക്കാനായത്. പാലക്കാട് സൗത്ത് എസ്.ഐ വി.ഹേമലത, എ.എസ്.ഐ പി.ആനന്ദ്കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.