പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി ബാലിക മരിച്ചു. ഷോളയൂർ പഞ്ചായത്തിലെ വെള്ളകുളം ഊരിലെ മുരുകൻ - പാപ്പ ദമ്പതികളുടെ രണ്ട് വയസും നാല് മാസവും പ്രായമുള്ള ഭുവനേശ്വരിയാണ് മരിച്ചത്. ഇവരുടെ അഞ്ചാമത്തെ കുട്ടിയാണിത്.
കടുത്ത പനി മൂലമുണ്ടായ അപസ്മാരത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ വച്ചാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രമോട്ടർ നൽകുന്ന വിവരം.
ALSO READ:തിരുവനന്തപുരത്ത് വനത്തിൽ തൂങ്ങിയ നിലയിൽ അസ്ഥികൂടം, മൂന്നുമാസം പഴക്കം ; അന്വേഷണം
ഊരിലെ ഹെൽത്ത് സബ് സെൻ്ററിൽ നിയോഗിക്കപ്പെട്ട ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കഴിഞ്ഞ മാസം ജനുവരിയിൽ ഗുരുതര വിളർച്ച ബാധിച്ച ആദിവാസി ഗർഭിണിയേയും കൊണ്ട് തൃശൂർ മെഡിക്കൽ കോളജിലെത്തി തിരികെ മടങ്ങും വഴി അപകടത്തിൽപ്പെട്ടിരുന്നു. ഇടത് കൈക്ക് പരിക്കേറ്റ ഫീൽഡ് സ്റ്റാഫ് അവധിയിലായിരുന്നതിനാൽ സ്ഥിതിഗതികൾ അന്വേഷിക്കാൻ മറ്റൊരു ഫീൽഡ് സ്റ്റാഫിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇവർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറുമായി ചർച്ച ചെയ്ത ശേഷം പോസ്റ്റ്‌മോർട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ട്രൈബൽ ഹെൽത്ത് നോഡൽ ഓഫിസർ ഡോ. എം. ശ്രീഹരി അറിയിച്ചു.