പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയില്‍ മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ട് മരണം. പട്ടാമ്പി വാടാനാംകുറിശി സ്വദേശികളും നെന്മാറ സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്. ആംബുലൻസില്‍ ഉണ്ടായിരുന്നവരാണ് മരിച്ച എട്ടു പേരും. നെല്ലിയാമ്പതിയില്‍ അപകടത്തില്‍പ്പെട്ടവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും വഴിയാണ് അപകടമുണ്ടായത്. സുബൈർ (39), ഫവാസ് (17), നാസർ (45), ഷാഫി (13), ഉമര്‍ ഫാറൂഖ് (20), ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീർ (39), നെന്മാറ സ്വദേശികളായ നിഖിൽ, വൈശാഖ് എന്നിവരാണ് മരിച്ചത്. ആംബുലൻസും മീൻ കയറ്റി വന്ന ലോറിയുമായി തണ്ണിശേരിയില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പൂർണമായും തകർന്ന ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് മരിച്ചവരെ പുറത്തെടുത്തത്.
പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ച് പേര്‍. യാത്രയ്ക്കിടെ നെന്മാറയില്‍ വച്ച് ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് അപകടമുണ്ടായത്. നെന്മാറയില്‍ നടന്ന അപകടവിവരം അറിഞ്ഞെത്തിയ ബന്ധുക്കളില്‍ ചിലരും ആംബുലൻസില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.