പാലക്കാട് : കുഴൽമന്ദം ദേശീയ പാതയിൽ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേകസംഘം. ജില്ല ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി എം. സുകുമാരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ജില്ല പൊലീസ് മേധാവിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ബൈക്ക് യാത്രികരായ കാവശേരി മോഹനന്‍റെ മകൻ ആദർശ് (24), കാസർകോട് അജന്നൂർ തമ്പാന്‍റെ മകൻ സാബിത്ത് (23) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഫെബ്രുവരി ഏഴിന് രാത്രിയാണ് സംഭവം. ബൈക്കിൽ, കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ALSO READ: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു ; ആക്രമണം വിവാഹ വീട്ടിലേക്ക് പോകുംവഴി
ഈ സാഹചര്യത്തിൽ ഡ്രൈവർക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്. സംഭവത്തിൽ തൃശൂർ പട്ടിക്കാട് സ്വദേശി സി.എൽ ഔസേപ്പിനെ (54) കുഴൽമന്ദം പൊലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു. വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറാണ് ഇയാള്‍.