പാലക്കാട്: തരിശുഭൂമിയിൽ യുവാക്കൾ ചെയ്ത നെൽകൃഷി മലവെള്ളപ്പാച്ചിലിൽ നശിച്ചു. പാലക്കാട് വല്ലപുഴയിലാണ് 20 ഏക്കർ തകരിശുഭൂമിയിൽ ചെയ്ത നെൽ കൃഷി നശിച്ചത്. മലവെള്ളപ്പാച്ചിലിൽ മൺകൂന അടിഞ്ഞതിനാൽ ഇനി കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വല്ലപ്പുഴ മലപ്പുറം കൂട്ടായ്മയിലെ ഹർഷാദിന്‍റെയും അസീസിന്‍റെയും നേതൃത്വത്തിൽ നടത്തിയ നെൽ കൃഷിയാണ് മലവെള്ളപ്പാച്ചിലിൽ നശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഉണ്ടായ മലവെള്ള പാച്ചിലിൽ കൃഷി ഭാഗികമായി ഒലിച്ചു പോയി. വെള്ളം കെട്ടിനിർത്താൻ സഹായിക്കുന്ന വരമ്പുകളെല്ലാം ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയതോടെ ഞറുകൾക്ക് മുകളിൽ വലിയ തോതിൽ മൺകൂന അടിഞ്ഞു കൂടി. ഇത്തരത്തിൽ മൺകൂന അടിഞ്ഞ ഭാഗങ്ങളിൽ ഇനി കൃഷി ചെയ്യാൻ കഴിയില്ല. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഈ യുവ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. വല്ലപ്പുഴയിലെ പൊൻകുന്നം മലക്ക് താഴെയുള്ള പ്രദേശമായതിനാൽ ശക്തയായ മഴ പെയ്താൽ മലയിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം മുഴുവനായും പാടങ്ങളിലൂടെ ഒഴുകും. കഴിഞ്ഞ മാസങ്ങളിലുണ്ടായ മഴയിലും സ്ഥലത്ത് കൃഷിനാശം സംഭവിച്ചുരുന്നു. വല്ലപ്പുഴ കൃഷി ഓഫീസർ ദീപയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.