പാലക്കാട് : വില്ലേജ് ഓഫിസർ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് നികത്തിയ രണ്ടര ഏക്കർ കൃഷി 15 ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കാൻ കലക്‌ടർ ഉത്തരവിട്ടു. വാളയാർ വില്ലേജ് ഓഫിസറായ എസ് മോഹൻകുമാറിന്‍റെയും മറ്റ് രണ്ടുപേരുടേയും ഉടമസ്ഥതയിലുള്ള തേനാരിയിലെ രണ്ടര ഏക്കറോളം നെൽവയൽ മണ്ണിട്ട് നികത്തുകയും ചുറ്റുമതിൽ കെട്ടുകയും ചെയ്തെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ നൊച്ചിപ്പുള്ളി സ്വദേശി കൃഷ്‌ണൻ കുട്ടിയാണ് കലക്‌ടർക്ക് പരാതി നൽകിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്തി. ഇതേതുടര്‍ന്നാണ് കലക്‌ടർ ഉത്തരവിറക്കിയത്. ഇവിടെ നിർമാണങ്ങള്‍ നടത്തരുതെന്നും 15 ദിവസത്തിനുള്ളിൽ ഉടമസ്ഥൻ സ്ഥലം പഴയ സ്ഥിതിയിലാക്കിയില്ലെങ്കിൽ ആർഡിഒ യുടെ നേതൃത്വത്തിൽ സ്ഥലം പൂർവ സ്ഥിതിയിലാക്കുമെന്നും അതിന്‍റെ ചിലവ് ഉടമസ്ഥരിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷൻ അംഗം കൂടിയാണ് എസ് മോഹന്‍കുമാര്‍.