പാലക്കാട്: കൊവിഡ് കാലത്ത് ആദിവാസി മേഖലയിലെ കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഗോത്രഭാഷയിൽ ഓൺലൈൻ ക്ലാസുകൾ ചിത്രീകരിക്കുന്നു. സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള അഗളി ബി.ആർ.സിയിലാണ് ഇതിനായി ഒരുക്കങ്ങൾ നടക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിൽ പഠിക്കുന്ന അട്ടപ്പാടിയിലെ കുട്ടികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ഒരുക്കുന്നത്. മുഡുക, ഇരുള, കുറുമ്പ ഭാഷകളിൽ പാഠഭാഗങ്ങൾ വിദ്യാർഥികളിലെത്തും.
അഗളി എൽ.പി സ്‌കൂൾ അധ്യാപികമാരായ ടി.ആർ വിദ്യ, സി. ദേശ, കക്കുമ്പടി സ്‌കൂളിലെ ശെൽവി എന്നിവരാണ് ക്ലാസുകളെടുക്കുന്നത്. അഗളി ബി.ആർ.സിയിലെ കോ-ഓർഡിനേറ്റർ സി.പി വിജയനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പാഠഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ ഇവ പ്രദർശിപ്പിക്കും .