പാലക്കാട്: ഓങ്ങല്ലൂരിൽ നടന്ന ഞാറ്റുവേല ചന്ത ഉൽഘാടന പരിപാടിയിൽ കൃഷി വകുപ്പിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിമർശനം. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാ എന്ന കാരണം ഉന്നയിച്ചാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിഷാർ പറമ്പിൽ കൃഷി വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓങ്ങല്ലൂരിൽ നടന്ന ഞാറ്റുവേലചന്ത പരിപാടിയിലാണ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷി വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. രണ്ട് കൃഷി അസിസ്റ്റന്റ് മാരുള്ളതിൽ ഒരാളെ നെല്ല് സംഭരണ നടപടിയുടെ ഭാഗമായി പരുതൂർ കൃഷി ഭവനിലേക്ക് മാറ്റിയതിനാൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കാർഷിക പദ്ധതികൾ അവതാളത്തിലായതായി പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. നിലവിലുള്ള ഒരു കൃഷി അസിസ്റ്റന്റ് ലീവെടുത്താൽ കൃഷി ഭവൻ അടച്ചിടേണ്ട അവസ്ഥയാണ്. ഓങ്ങല്ലൂർ കൃഷി ഭവൻ അടച്ചിടേണ്ട അവസ്ഥയാണെങ്കിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പട്ടാമ്പി ഓഫീസും തുറക്കണ്ടന്നും കർഷകരെ കൂട്ടി പ്രക്ഷോഭ പരിപാടി നടത്തുമെന്നും ജിഷാർ പറമ്പിൽ പറഞ്ഞു. പട്ടാമ്പി ബ്ലോക്ക് കൃഷി ഭവന് ഓങ്ങല്ലൂരിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും എം.എൽ.എ പങ്കെടുക്കുന്ന യോഗമായതുകൊണ്ടാണ് ബഹിഷ്‌കരിച്ച് ഇറങ്ങിപോകാത്തതെന്നും ജിഷാർ പറമ്പിൽ പറഞ്ഞു.
സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി കൃഷി ഭാവൻ വഴി നിരവധി പദ്ധതികൾ നടന്നു വരുന്ന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇല്ലാത്തത് കാർഷിക മേഖലയിലെ പദ്ധതികളെ ബാധിക്കും. എംപ്ലോയ്മെന്‍റ് വഴി ജീവനക്കാരെ നിയമിക്കാൻ മന്ത്രിയുടെ ഓഫീസിൽ നിന്നും കൃഷി പ്രിൻസിപ്പൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടും പാലക്കാട് മാത്രം നടപടികൾ ഉണ്ടായില്ലെന്ന് സംശയിക്കുന്നതായി എം.എൽ.എ പ്രതികരിച്ചു. ഓങ്ങല്ലൂർ കൃഷി ഭവനിൽ ജീവനക്കാരില്ലാത്ത അവസ്ഥ ഉണ്ടാവരുതെന്നും അതിന് വേണ്ട നടപടികൾ എടുക്കാൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർക്ക് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ നിർദേശം നൽകി.
വർക്ക് അറേഞ്ച്മെന്റിന്റെ പേരിൽ കൃഷി അസിസ്റ്റന്‍റിനെ സ്ഥലം മാറ്റിയതിനാൽ എട്ട് മാസമായി ഓങ്ങല്ലൂർ കൃഷി ഭവനിൽ ഒരു കൃഷി അസിസ്റ്റന്റാണ് ഉള്ളത്. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഓങ്ങല്ലൂർ പഞ്ചായത്തിലെ കൃഷി ഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കർഷകരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ പറഞ്ഞു. ഓങ്ങല്ലൂരിൽ നിന്നും മാറ്റിയ കൃഷി അസിസ്റ്റന്റിനെ എത്രയും പെട്ടെന്ന് തിരിച്ച് വിളികണമെന്നാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടുന്നത്.