പാലക്കാട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിലായി. എരിമയൂർ മേൽപ്പാലത്തിന് സമീപത്ത് നിന്ന് പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡാണ് ലിപുൻ ദിഗാൽവയെ പിടികൂടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായുള്ള പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ആലത്തൂർ, വടക്കഞ്ചേരി മേഖല കേന്ദ്രീകരിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ, സ്‌കൂൾ, കോളജ് വിദ്യാർഥികൾ എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം ഒരു ലക്ഷം രൂപ വില വരും. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ഐപിഎസിന്‍റെ നിർദ്ദേശത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.