ആലത്തൂർ സ്ഥാനാർഥി രമ്യാ ഹരിദാസിനെ എ വിജയരാഘവൻ അധിക്ഷേപിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. ഇടതു കോട്ടയായ ആലത്തൂരിൽ യുഡിഎഫിന്റെ സ്ഥാനാർഥിത്വം വലിയ തരത്തിൽ ചർച്ചയാകുന്ന സംഭവങ്ങളാണ് തുടരുന്നത്. എൽ ഡി എഫ് കൺവീനറിന്റെ പരാമർശത്തിൽ കടുത്ത വിമർശനം ഉന്നയിച്ച് ഉമ്മൻ ചാണ്ടി രംഗത്തെത്തി. വിജയരാഘവന്റെ പരാമർശം സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയും അപമാനിക്കുന്നതാണ്. പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ എൽ ഡി എഫ് നേതൃത്വം തയ്യാറാകണമെന്നും പാർട്ടി വിശദീകരണം നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കെയുള്ള ഈ പരാമശം പാർട്ടിയുടെ അറിവോടെയാണോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. സിപിഎം സമനില തെറ്റിയപോല പെരുമാറുന്നു. യു ഡി എഫ് നേതൃത്വം ശക്തമായി പ്രതികരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കൂടിയാലോചനകൾ നടത്തി പരാതി ഉൾപ്പെടെ ഉള്ള കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സിപിഎം പരസ്യമായി മാപ്പു പറയണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വിജയ രാഘനെതിരെ പൊലീസ് സ്വമേധയ കേസെടുക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
വിശദീകരണവുമായി എ വിജയരാഘവന്‍
രമ്യ ഹരിദാസിനെതിരായ പരാമർശ വിവാദത്തിൽ വിശദീകരണവുമായി എ വിജയരാഘവന്‍. വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ല. പരാമർശത്തിന് ഉദ്ദേശിക്കാത്ത അർഥം നൽകി യുഡിഎഫ് പ്രചാരണം നടത്തുന്നു. ആരെയും മോശപ്പെടുത്തുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും വിമര്‍ശനം കാർകശ്യത്തോടെ തുടരുമെന്നും വിജയരാഘവന്‍ പറഞ്ഞു. രമ്യഹരിദാസിനെ വിജയരാഘവന്‍ അപമാനിച്ചിട്ടില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. വർഗീയ ശക്തിക്കെതിരായ രാഷ്ട്രീയം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് ആലത്തൂർ സിപിഎം സ്ഥാനാർഥി പികെ ബിജു പറഞ്ഞു. വൈകാരികമായ വിഷയങ്ങളാണ് കോൺഗ്രസിന് സംസാരിക്കാൻ താല്പര്യമെന്നും ബിജു.