പാലക്കാട്: മൺസൂൺ പെയ്തൊഴിഞ്ഞെങ്കിലും നെല്ലിയാമ്പതിയിലെ മലനിരകൾ ഇപ്പോഴും പെയ്യുകയാണ്. നെന്മാറയിൽ നിന്നും പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലേക്കുള്ള യാത്രയെ ഇപ്പോൾ മനോഹരമാക്കുന്നതും ഈ കാഴ്‌ച തന്നെയാണ്. മലമുകളിലേക്ക് ചുരം കയറിയെത്തുന്നിടത്തെല്ലാം പതഞ്ഞൊഴുകുന്ന ചെറു വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളും കാണാം. നെല്ലിയാമ്പതിയുടെ നിബിഡ വന സൗന്ദര്യത്തിനൊപ്പം പാറക്കെട്ടുകളിലൂടെ സമതലങ്ങൾ തേടിയൊഴുകുന്ന തെളിനീരും യാത്രികർക്ക് നല്ലൊരു കാഴ്‌ചാനുഭവമാണ്.
കൊവിഡ് കാലമായതിനാൽ ഈ വഴികളിൽ സഞ്ചാരികൾ നന്നേ കുറവാണ്. പ്രതിസന്ധികളൊഴിഞ്ഞ് വരും വർഷമെങ്കിലും ഈ കാഴ്‌ചകളിലേക്ക് നമുക്ക് കടന്നു ചെല്ലാനാകുമെന്ന് പ്രതീക്ഷിക്കാം.