പാലക്കാട് : സര്‍ക്കാരുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്‍റെ സര്‍ക്കാരാണ് കേരളത്തില്‍, അതിനാല്‍ ഓണാഘോഷം പോലുള്ള പരിപാടികളില്‍ ആരും ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടപ്പാടി അഗളിയിൽ കേരള ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്‌ത ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
യോഗ്യത ഇല്ലാത്തവരെ യൂണിവേഴ്‌സിറ്റികളില്‍ നിയമിച്ചു എന്നതുകൊണ്ടാണ് ആ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത്. ഭരണഘടനാപരമായി അത് ഗവര്‍ണറുടെ ചുമതലയാണ്. ആരോടെങ്കിലുമുള്ള വ്യക്തിപരമായ വിദ്വേഷത്തിന്റെയോ പകയുടെയോ പേരിലല്ല.
സര്‍വകലാശാലകളില്‍ നടക്കുന്ന നിയമനങ്ങള്‍ അധികാരത്തിൽ ഇരിക്കുന്നവരുടെ ബന്ധുക്കൾക്ക് ലഭിക്കുന്നതിലൂടെ യൂണിവേഴ്‌സിറ്റികളെ നഴ്‌സറികളാക്കാന്‍ അനുവദിക്കില്ല. സര്‍വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണ അവകാശം ഉറപ്പാക്കുകയെന്നത് തന്‍റെ ബാധ്യതയാണ്. ഇതിൽ വ്യക്തിപരമായ താൽപര്യങ്ങളില്ലെന്നും ചുമതല നിറവേറ്റൽ മാത്രമാണെന്നും അതിന് തനിക്ക് ബാധ്യതയുണ്ടെന്നും ഗവർണർ പറഞ്ഞു.
കേരള ആദിവാസി സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്‌തു : കേരള ആദിവാസിസമ്മേളനം അട്ടപ്പാടി കില സെന്‍ററില്‍ അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. ഇന്ത്യയുടെ സ്വർണസ്വരവും മഹിളാരത്നവും ഗാനകോകിലവുമാണ് നഞ്ചിയമ്മയെന്ന് ഗവർണർ പറഞ്ഞു.
ആദിവാസി കൂട്ടായ്‌മയായ തമ്പിന്‍റെ 30ാം വാർഷികാഘോഷങ്ങളുടെയും തദ്ദേശജനതയുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ പ്രഖ്യാപനത്തിന്റെ 15–-ാം വാർഷികത്തിന്‍റെയും ഭാഗമായിട്ടായിരുന്നു ചടങ്ങ്.
തമ്പും ഗാന്ധിയൻ കൂട്ടായ്മയായ ഏക്‌താ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ ഭൂപരിഷ്‌കരണ സമിതി അംഗവും പ്രമുഖ ഗാന്ധിയനുമായ ഡോ. പി വി രാജഗോപാൽ അധ്യക്ഷനായി. ആദിവാസികളുടെ ഉന്നമനത്തിനായി 17 നിർദേശങ്ങൾ അടങ്ങിയ അപ്പീൽ തമ്പ് പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് അവതരിപ്പിച്ചു. ആദിവാസി ക്ഷേമ പ്രവർത്തകരായ കെ എ രാമു, സന്തോഷ് മലമ്പുഴ, ലക്ഷ്‌മി ഉണ്ണികൃഷ്‌ണന്‍, പി വി ബോളൻ എന്നിവർ സംസാരിച്ചു.