പാലക്കാട്: മൊബൈൽ നെറ്റ്‌വർക്ക് ഇല്ലെങ്കില്‍ ജീവിക്കാനാകില്ലേ? നെറ്റ്‌വർക്കാണോ ജീവിതത്തിൽ അത്യാവശ്യം എന്നൊക്കെ ചോദിക്കുന്നവരുണ്ട്.. അവർക്കായി ഒരു കഥ പറയാം.
2019 ഓഗസ്റ്റ് മാസത്തിലെ ഒരു രാത്രി. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പംതോട് കോളനി നിവാസികൾ പതിയെ ഉറക്കത്തിലേക്ക് വഴിമാറുകയാണ്.
പൊടുന്നനെ മലമുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഉരുൾപൊട്ടല്‍.. വലിയ ഉരുളൻ കല്ലുകൾ തങ്ങളുടെ വീടുകൾക്കടുത്തേക്ക് ഉരുണ്ടിറങ്ങി. പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേർത്ത് ആ രാത്രി മുഴുവൻ മുപ്പത്തഞ്ച് കുടുംബങ്ങൾ മരണഭയത്തോടെ കഴിഞ്ഞു കൂടി. സഹായത്തിനു വേണ്ടി ആരെയെങ്കിലും വിളിക്കാനോ തങ്ങളുടെ വിവരങ്ങൾ ആരെയെങ്കിലും അറിയിക്കുവാനോ കഴിയാത്ത നിസ്സഹായത. പിന്നീടുള്ള എല്ലാ രാത്രികളും ഇവർക്ക് ഭയമാണ്. ഈ കഥ പറയാൻ ഒരു കാരണമുണ്ട്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളില്‍ മൊബൈല്‍ നെറ്റ്‌വർക്ക് ലഭിക്കില്ല. അടിയന്തര ഘട്ടങ്ങളിൽ ആശുപത്രി സേവനങ്ങൾ ലഭ്യമാക്കുന്നതിന് പോലും ഇവിടെയുള്ളവർക്ക് കഴിയില്ല. കൃത്യ സമയത്ത് ആംബുലൻസ് സേവനം ലഭിക്കാതെ മരണം സംഭവിക്കുമ്പോഴും നിസഹായത മാത്രമാണ് ഇവർക്ക് ഒപ്പമുള്ളത്.
കൊവിഡ് പിടിമുറുക്കിയപ്പോൾ പഠനവും ജോലിയും ഓൺലൈനിലേക്ക് ചുവടുമാറിയതോടെ ഇവർ ശരിക്കും ദുരിതത്തിലായി. ഒപ്‌ടിക്കൽ കേബിൾ വഴി വൈഫൈ സംവിധാനം ഉപയോഗിച്ച് പണമുള്ളവർ ബദൽ മാർഗ്ഗങ്ങൾ ഒരുക്കിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ദുരിതത്തിലാണ്. ചില സ്വകാര്യ മൊബൈൽ ദാതാക്കൾ സ്ഥലമെടുപ്പിനായി വന്നെങ്കിലും സാങ്കേതികത്വം പറഞ്ഞ് പിന്മാറി. നാടിന്‍റെ ദുരിതം തീർക്കുന്നതിനായി മൊബൈൽ ടവറുകൾക്ക് സ്ഥലം വിട്ടു നൽകുവാൻ പ്രദേശവാസികൾ തയ്യാറാണ്. പക്ഷേ ആരും സഹായത്തിനായി വരുന്നില്ലെന്ന് മാത്രം...