പാലക്കാട്: ജില്ലയിലെ സൂക്ഷ്‌മ ചെറുകിട വ്യവസായ മേഖലയിൽ വൻ നിക്ഷേപം. കഴിഞ്ഞ 11 മാസത്തിൽ ജില്ലയിൽ 181.19 കോടിയുടെ നിക്ഷേപമെത്തിയതായാണ് കണക്കുകള്‍. ഈ സാമ്പത്തിക വർഷത്തെ ഫെബ്രുവരി വരെയുള്ള കണക്കാണിത്. വ്യവസായ വകുപ്പ് ജില്ല കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് ഈ വർഷം 1,235 പുതിയ ചെറുകിട യൂണിറ്റുകൾ ആരംഭിച്ചു.
കൊവിഡ് മൂന്നാം തരംഗം അവസാനിച്ച ശേഷം ഫെബ്രുവരിയിൽ മാത്രം 215 യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി. 1776 വനിതകൾ ഉൾപ്പെടെ 5140 പേർക്ക് ഇത്രയും സംരംഭങ്ങളിലായി തൊഴിൽ ലഭിച്ചു. 22 വിഭാഗങ്ങളിലാണ് വ്യവസായ വകുപ്പിന്‍റെ പിന്തുണയോടെ സൂക്ഷ്‌മ–ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുക.
കൂടുതൽ സംരംഭകർക്കും സേവന മേഖലയുമായി ബന്ധപ്പെട്ട യൂണിറ്റുകൾ ആരംഭിക്കാനാണ് താൽപര്യം. 470 പുതിയ യൂണിറ്റുകളാണ് 2021–22 സാമ്പത്തിക വർഷം സേവന മേഖലയിൽ മാത്രം ആംഭിച്ചത്. ടെക്‌സ്‌റ്റൈൽ ആൻഡ് ഗാർമെന്റ്‌സ്, ജനറൽ എൻജിനിയറിങ്, ഭക്ഷ്യവസ്‌തുക്കളും കാർഷിക ഉത്പന്നളും സംരംഭകർക്ക് പ്രിയപ്പെട്ടതാണ്.
ഈ മാസക്കാലയളവിൽ യഥാക്രമം 152, 143, 169 സംരംഭങ്ങൾ ഈ മേഖലയിൽ ആരംഭിച്ചു. ഈ സാമ്പത്തിക വർഷം 1750 യൂണിറ്റുകളും 230 കോടി രൂപയുടെ നിക്ഷേപവുമാണ് ജില്ലയിൽ വ്യവസായ വകുപ്പ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് മൂന്നാം തരംഗം കണക്കുകൂട്ടൽ തെറ്റിച്ചു. എങ്കിലും കൊവിഡ് ഭീതിയൊഴിഞ്ഞ് വ്യവസായ മേഖല തിരിച്ചുവരുന്നതിന്‍റെ ആശ്വാസം ജില്ല വ്യവസായ കേന്ദ്രത്തിനുണ്ട്.
സംസ്ഥാന സർക്കാർ 2022–-23 സംരംഭകത്വ വർഷമായി പ്രഖ്യാപിച്ചതോടെ കൂടുതൽ നിക്ഷേപം സൂക്ഷ്‌മ, ചെറുകിട മേഖലകളിൽ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരും. സൂക്ഷ്‌മ–ചെറുകിട സംരംഭങ്ങൾ ആരംഭിച്ചവർക്ക് വ്യവസായ വകുപ്പിന്‍റെ എൻട്രപ്രണർ സപ്പോർട്ട്(ഇഎസ്‌എസ്) പദ്ധതിവഴി സബ്‌സിഡിയായി 4.01 കോടി രൂപ വിതരണം ചെയ്‌തിട്ടുണ്ട്.
അർഹരായ 50 പേർക്കാണ് സഹായം നൽകിയത്.