പാലക്കാട്: വിനോദത്തിനും ഉല്ലാസത്തിനുമായി പട്ടാമ്പി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതി ഒരുങ്ങുന്നു. ഭാരതപ്പുഴ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സാധ്യതകളാണ് തേടുന്നത്. നിലവിൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ തൃത്താല മണ്ഡലത്തിലെ വെള്ളിയങ്കല്ലിൽ മാത്രമാണ് ജനങ്ങൾക്ക് ഉല്ലാസത്തിനായി പൊതു ഇടമുള്ളത്. പദ്ധതിയുടെ ഭാഗമായി മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.
പട്ടാമ്പി നമ്പ്രത്ത് ഭാരതപുഴയോട് ചേർന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിനോദ സഞ്ചാര കേന്ദ്രം സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രളയ സമയത്ത് വെള്ളം കയറുന്ന പ്രദേശമായതിനാൽ വിശദമായ പഠനം നടത്താനാണ് സന്ദർശനം നടത്തിയത്.
ഇത്തരത്തിൽ വല്ലപുഴയിലും കുലുക്കല്ലൂർ പഞ്ചായത്തിലെ ആനക്കല്ലിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ജനങ്ങൾക്ക് ഉല്ലാസത്തിനായി വന്നിരിക്കാൻ പൊതു ഇടം, കുട്ടികൾക്ക് പാർക്, അഡ്വഞ്ചർ സ്പോർട്‌സ് ഏരിയ എന്നിവ സജ്ജീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.