പാലക്കാട് : നെന്മാറയിൽ യുവതിയെ കാമുകന്‍ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് നെൻമാറ സി.ഐ വനിത കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചു. സാഹചര്യ തെളിവുകളും മൊഴികളും പുനപരിശോധിച്ചെന്നും റഹ്‌മാനും സജിതയും പറഞ്ഞതെല്ലാം ശരിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ വനിത കമ്മിഷൻ സജിതയുടെ മൊഴിയെടുത്തു. അംഗങ്ങളായ ഷാഹിദ കമാൽ, ഷിജി ശിവജി എന്നിവരാണ് വിത്തിനശേരിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.
10 വര്‍ഷത്തോളമാണ് റഹ്‌മാൻ സ്വന്തം വീട്ടിൽ സജിതയെ ഒളിവിൽ താമസിപ്പിച്ചത്. 19 വയസുള്ളപ്പോള്‍ സജിതയെ കാണാതായി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും അന്ന് കണ്ടെത്താൻ സാധിച്ചില്ല.
കഴിഞ്ഞ മൂന്ന് മാസമായി റഹ്‌മാനെ വീട്ടില്‍ നിന്ന് കാണാതായി. പിന്നീട് റഹ്‌മാന്‍റെ സഹോദരൻ നെന്മാറയിൽ വച്ച് ഇയാളെ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജിതയെ ഒളിവിൽ താമസിപ്പിച്ച വിവരം പുറത്തുവരികയുമായിരുന്നു.