പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ ദേശത്ത് കരിവേല ആഘോഷിച്ചു. ശനിയാഴ്ച്ച വൈകീട്ടാണ് വല്ലങ്ങിയില്‍ താലപ്പൊലി എഴുന്നള്ളത്. ഏപ്രിൽ മൂന്നിന് ആഘോഷിക്കുന്ന വേല ഉത്സവത്തിനുള്ള അവസാനവട്ട തയാറെടുപ്പുകൾ നടന്നുവരികയാണ്. നെന്മാറ വല്ലങ്ങി ദേശങ്ങളില്‍ പറയെടുപ്പ് ആരംഭിച്ചു.
ശനി വൈകിട്ട് നടത്തേണ്ട ചമയ പ്രദർശനത്തിനുള്ള ഒരുക്കവും പൂർത്തിയാക്കി. ബഹുനില ആനപ്പന്തലുകൾ വെള്ളിയാഴ്‌ച രാത്രി ദീപാലംകൃതമായി. നെന്മാറ-–വല്ലങ്ങി വേലയുടെ സുഗമമായ നടത്തിപ്പ് ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വേലക്കമ്മിറ്റി ഭാരവാഹികളുടേയും വിവിധ വകുപ്പുതല മേധാവികളുടേയും അവലോകന യോഗം ചേർന്നു. സുരക്ഷാ ക്രമീകരണത്തിന് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
കാണികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വെടിക്കെട്ട് നടത്തുന്ന ഭാഗത്ത് ഇരട്ട ബാരിക്കേഡ് വേണമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ആവശ്യപ്പെട്ടു. ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, പൊലീസ് ഇൻസ്പെക്ടർ (എസ്എച്ച്ഒ) എ ദീപകുമാർ തുടങ്ങിയവർ വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഉത്സവപ്പറമ്പും പരിശോധിച്ചു.
കുടിവെള്ളവിതരണം വ്യാപിപ്പിക്കാൻ കൂടുതൽ പൊതുടാപ്പുകളും ടാങ്കർ ലോറികളും ഒരുക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിനായി പഞ്ചായത്ത് പരിധിയിൽ 22 സിസി ടിവികൾ സ്ഥാപിച്ചു. അഗ്നിരക്ഷാസേനയുടെ മൂന്നിലധികം യൂണിറ്റുകളും ആരോഗ്യവകുപ്പിന്റെ ആംബുലൻസുകളും സജ്ജമാക്കും. വെള്ളിയാഴ്ച്ച മുതൽ മൂന്ന് ദിവസം ഡ്രൈഡേ ആയതിനാൽ വേല നാളുകളിൽ അനധികൃത മദ്യവിൽപന തടയാൻ എക്സൈസ് നടപടിയും ശക്‌തമാകും.
പ്രദേശത്തെ ഹോട്ടലുകൾ, ബേക്കറികൾ , കൂൾബാറുകൾ, ടീ ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങളുo, പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായും പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകള്‍ അടപ്പിക്കുകയുംചെയ്തു.
വേലയോടനുബന്ധിച്ച് കടകളിൽ നിന്നും കൊടുക്കുന്ന ശീതള പാനീയങ്ങൾക്ക് മിനറൽ വാട്ടർ മാത്രം ഉപയോഗിക്കണമെന്നത് നിർബന്ധമാക്കി. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മാറ വേല നടക്കുന്ന പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാകുകയും, പൊതുസ്ഥലങ്ങളും , മാലിന്യങ്ങൾ ഉള്ള സ്ഥലങ്ങളിലും അണുനശീകരണം നടത്തുകയും ചെയ്തു.
also read: ആവേശം വാനോളമുയർത്തി തിരുനക്കരയില്‍ പൂരം