പാലക്കാട്: മഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലനിരകളും കാട്ടരുവികളും തേയിലയും ഓറഞ്ചും വിളയുന്ന തോട്ടങ്ങളും. കേരളത്തിന്‍റെ മിനി ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ആരെയും മോഹിപ്പിക്കും. കാഴ്ചകളാല്‍ സമ്പന്നമായ നെല്ലിയാമ്പതിയിലേക്ക് ദുർഘടമായ പാതകളിലൂടെയുള്ള യാത്ര സാഹസികർക്കും പ്രിയങ്കരമാണ്. സഞ്ചാരികളേയും കൊണ്ട് ദുർഘട പാതകൾ താണ്ടുന്ന ജീപ്പുകൾ നെല്ലിയാമ്പതിയിലെ കാഴ്‌ചകൾക്ക് മറ്റൊരു തലം സമ്മാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാലം ആ ജീവിതങ്ങൾക്ക് മേലും കരിനിഴല്‍ വീഴ്‌ത്തി. നെല്ലിയാമ്പതിയിലെ ഓഫ് റോഡ് ഡ്രൈവിനായി ഊഴം കാത്തു കിടന്നിരുന്ന ജീപ്പുകളെ ജീവിതമാർഗമാക്കിയിരുന്നവർ ഇപ്പോൾ ദുരിതത്തിലാണ്. ജീപ്പ് സ്റ്റാൻഡ് നിശ്ചലമായി.
ടാക്സും ഇൻഷുറൻസും അറ്റകുറ്റപ്പണിയും അടക്കം ഭാരിച്ച തുകയാണ് വാഹനങ്ങൾക്ക് ചെലവ് വരുന്നത്. കൊവിഡ് കാലം വിനോദ സഞ്ചാരമേഖലയെ പൂർണമായും പ്രതിസന്ധിയിലാക്കിയതോടെ മറ്റ് തൊഴിലുകൾ തേടുകയാണ് നെല്ലിയാമ്പതിയിലെ ജീപ്പ് ഡ്രൈവർമാർ. മുപ്പതിലധികം ജീപ്പുകളാണ് നെല്ലിയാമ്പതിക്കാർ ഇതിനോടകം വിറ്റത്. ചിലർ സ്വന്തം വാഹനങ്ങളോടുള്ള ആത്മബന്ധം കൊണ്ട് മാത്രമാണ് ഇപ്പോഴും വിൽക്കാതെ സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് കാലം കടന്ന് നെല്ലിയാമ്പതിയുടെ സൗന്ദര്യം തേടി സഞ്ചാരികൾ എത്തുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ.