പാലക്കാട് : വികസനത്തിനെതിരായ സമരങ്ങളെ കലാപമാക്കി മാറ്റാനുള്ള ശ്രമം തുടർന്നാൽ കേരളത്തിൽ കോൺഗ്രസ് ഇനിയും കൂടുതൽ തകരുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോ. യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്‌ദാനമാണ് ഹൈ സ്‌പീഡ് റെയിൽ. അത് പിണറായി സർക്കാർ സെമി ഹൈസ്‌പീഡ് ലൈനാക്കി നടപ്പാക്കാൻ ശ്രമിക്കുകയാണ്. അതിനെ എതിർക്കുന്ന യുഡിഎഫ് നിലപാട് യുക്തിസഹമല്ല.
രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാംവാർഷികത്തിൽ 17,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇത് നാടിന്‍റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കും. അത് സഹിക്കാത്ത യുഡിഎഫ് കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫ് ഒന്നിച്ചിറങ്ങിയാണ് അക്രമത്തിന് വഴിയൊരുക്കുന്നത്.
ALSO READ കെ റെയിൽ പ്രതിപക്ഷത്തിന് ബിജെപിയുമായി സഖ്യം കൂടാനുള്ള അവസരം: കാനം രാജേന്ദ്രൻ
കേരളത്തിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് വികസനപ്രവർത്തനങ്ങളോടുള്ള ഉറച്ച നിലപാടിന്‍റെ ഫലമാണ്. വികസനത്തിന് എതിരുനിൽക്കുന്ന യുഡിഎഫ് നിലപാട് തുറന്നുകാണിക്കാനും വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും എൻസിപി സംസ്ഥാനവ്യാപകമായി ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.