പാലക്കാട്: ഹവിൽദാർമാരുടെ മരണത്തിനിടയാക്കിയ പന്നിക്കെണിയൊരുക്കാൻ പ്രതി എം സുരേഷ് ഉപയോഗിച്ച കമ്പി മുട്ടിക്കുളങ്ങര കെഎപി-2 ബറ്റാലിയൻ ക്യാമ്പിന് അകത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് കമ്പി കണ്ടെടുത്തത്. സുരേഷ് പന്നിക്കെണി വച്ച സ്ഥലം പൊലീസ് പരിശോധിച്ചു.
കെണിയൊരുക്കാൻ ഉപയോഗിച്ച കേബിളിന്‍റെ ഒരു ഭാഗം സുരേഷിന്‍റെ വീടിന്‍റെ വിറക് പുരയിൽ നിന്നാണ് ലഭിച്ചത്. മറ്റൊരു ഭാഗം പൊലീസ് ക്യാമ്പിലെ കുളത്തിന് സമീപത്ത് നിന്നും ലഭിച്ചു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഉന്തുവണ്ടിയും സുരേഷിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി.
പൊലീസുകാരുടെ മരണശേഷം വയറും കമ്പിയും മതിലിന് പുറത്ത് നിന്ന് കുളത്തേക്ക് എറിയുകയായിരുന്നുവെന്ന് സുരേഷ് തെളിവെടുപ്പിനിടെ സമ്മതിച്ചു. പിന്നീട് മൃതദേഹങ്ങൾ കൊണ്ടിട്ട പാടങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സുരേഷിനെ ശനിയാഴ്‌ച (21.05.22) കോടതിയിൽ ഹാജരാക്കും.
സുരേഷ് മുമ്പും പ്രതി: രണ്ട് പൊലീസുകാരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത് അന്വേഷണ സംഘത്തിനും നേട്ടമായി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാടത്ത് നിന്ന് മാറ്റുമ്പോഴേക്കും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രദേശത്ത് മുമ്പും പന്നിയെ പിടികൂടിയ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മുമ്പ് ഇത്തരത്തിൽ ഒരു കേസിൽ ഉൾപ്പെട്ട സുരേഷിലേക്ക് അന്വേഷണം എത്തിയതും അങ്ങനെയാണ്. ഹവിൽദാർമാരുടെ മരണശേഷം വീട്ടിൽ നിന്ന് മാറി നിന്ന സുരേഷിനെ വിളിച്ച് വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചു.
READ MORE:പാലക്കാട് പൊലീസുകാർ മരിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ
ഹവിൽദാർമാരുടെ മരണത്തിൽ അറസ്റ്റിലായ സുരേഷ് മുമ്പും പന്നിയെ കെണിവച്ച് പിടിച്ച കേസിൽ പ്രതിയാണ്. 2016ൽ വീടിനോട് അടുത്തുള്ള മോട്ടോർ ഷെഡിൽ നിന്ന് വൈദ്യുതി ഉപയോഗിച്ച് പന്നിയെ പിടികൂടുകയായിരുന്നു. സുരേഷും രണ്ട് സുഹൃത്തുക്കളും ചേർന്നായിരുന്നു പന്നിയെ കൊന്നത്.
കേസിൽ മൂന്ന് പേരെയും വനംവകുപ്പ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു. കേസ് നിലവിൽ വിചാരണ നടക്കുകയാണ്. അതിനിടയിലാണ് വീണ്ടും പന്നിക്കെണിയൊരുക്കിയത്.
സുരേഷ് നിരന്തരം ഇത്തരത്തിൽ പന്നികളെ പിടികൂടാറുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന. പ്രദേശത്ത് വന്യജീവികളെ പിടികൂടുന്നത് തടയാനായി വനംവകുപ്പ് നിരീക്ഷണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ദാരുണമായ രണ്ട് മരണങ്ങളുണ്ടായത്.