പാലക്കാട്: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തി. അട്ടപ്പള്ളത്ത് ഇന്ന് രാവിലെയായിരുന്നു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അമ്മയെ പെരുമ്പാവൂർ ഭാഗത്ത് നിന്നും കണ്ടെത്തി.
വാളയാറിൽ രാവിലെ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്ത്രീയെ അവശ നിലയിൽ ടാക്സിയിൽ കണ്ടിരുന്നു. വളരെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുവാൻ ഡ്രൈവറെ പറഞ്ഞേൽപ്പിക്കുകയും എന്നാൽ എക്സൈസ് സംഘം പരിശോധന നടത്തുന്നതിനിടെ ഇവര്‍ വാഹനത്തിൽ നിന്നുമിറങ്ങി പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസിൽ കയറുകയുമായിരുന്നു.
ബസിൽ കയറി അട്ടപ്പള്ളത്ത് എത്തിയപ്പോൾ ഛർദ്ദിക്കാനെന്ന് പറഞ്ഞ് ഇറങ്ങുകയും പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം ബസിൽ തിരിച്ചു കയറുകയും ചെയ്തു. പിന്നീട് റോഡരികിൽ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസിൽ സ്ത്രീ യാത്ര ചെയ്തെന്ന് മനസിലാക്കുകയും പെരുമ്പാവൂർ ഭാഗത്ത് അന്വേഷണം നടത്തി അമ്മയെ കണ്ടെത്തുകയുമായിരുന്നു.