പാലക്കാട് : മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായി അട്ടപ്പാടി സ്വദേശി. മണ്ണാർക്കാട് ഡിവിഷൻ അഗളി റേഞ്ച് ഓഫിസിലെ ഫോറസ്റ്റ് വാച്ചർ വി. മൂർത്തിയാണ് മെഡലിന് അർഹനായത്. സ്‌തുത്യർഹമായ സേവനത്തിന് സംസ്ഥാനമാകെ തെരഞ്ഞെടുത്ത 20 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് മൂർത്തി ഇടംപിടിച്ചത്.
കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നായാണ് 20 പേർ മെഡലിന് അർഹത നേടിയത്. കോട്ടയം ജില്ലയിൽ നിന്ന് അഞ്ചും കൊല്ലം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്ന് നാല് വീതവും തൃശൂർ ജില്ലയിൽ നിന്ന് മൂന്ന് പേരുമാണ് അർഹത നേടിയത്.
അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പാടവയൽ ഊരുകാരനായ മൂർത്തി ആദിവാസി ഇരുള വിഭാഗത്തിൽ നിന്നുള്ളയാളാണ്. 2013ൽ സർവീസിൽ കയറിയ മൂർത്തി ആനയെ തുരത്തുന്നതിലാണ് വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. അട്ടപ്പാടിയിൽ നാടും കാടും വിറപ്പിച്ച കൊലയാളി ആനയെ പിടച്ചുകെട്ടിയ കൂട്ടത്തിൽ മൂർത്തിയും ഉണ്ടായിരുന്നു. കോടനാട്ടെ ആനചട്ട കേന്ദ്രത്തിൽ നിന്നും ചന്ദ്രശേഖരൻ എന്ന പേര് കിട്ടുന്നതിന് മുമ്പ് 9 പേരുടെ ജീവനെടുത്ത പീലാണ്ടിയെന്ന കാട്ടുകൊമ്പനെ വരിഞ്ഞുമുറുക്കിയതിൽ ചെറുതല്ലാത്ത പങ്ക് മൂർത്തിക്കുണ്ട്.
Also Read: യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി
ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക വൈദഗ്ധ്യമാണ് മൂർത്തിക്കുള്ളത്. വനംവകുപ്പ് കേസുകൾ തെളിയിക്കുന്നതിലും ഇദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭാര്യ സരസു കുടുംബശ്രീയിലെ താൽക്കാലിക ജീവനക്കാരിയാണ്. മകൻ അഭിഷേക് പാലാ ബ്രില്യൻസിൽ പരിശീലിക്കുന്നു. മകൾ അനുശ്രീ നെല്ലിപ്പതി മല്ലീശ്വര വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.