പാലക്കാട്: മികച്ച റോഡുകളുടേയും പാലങ്ങളുടേയും നിര്‍മാണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി വരികയാണെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മംഗലം പാലം പോലുള്ള പദ്ധതികൾ വളരെ പ്രാധാന്യമുള്ളതാണ്. ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത് തരൂര്‍ നിയോജകമണ്ഡലത്തിലാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടേയും പാലങ്ങളുടേയും പൂര്‍ത്തീകരണോദ്ഘാടനവും നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായാണ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിവര്‍ഹിച്ചത്. ഏഴ് പ്രവൃത്തികള്‍ 38 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കുന്നത്.
മൂന്ന് കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്ന് കിലോമീറ്റര്‍ നീളമുള്ള വടക്കഞ്ചേരി- കിഴക്കഞ്ചേരി റോഡ്, 90 ലക്ഷം ചെലവില്‍ നിര്‍മിച്ച ഒരു കിലോ മീറ്റര്‍ വടക്കേനട പത്തനാപുരം റോഡിന്‍റെ ഒന്നാം ഘട്ടം, 16.5 കിലോ മീറ്ററില്‍ 20 കോടി ചെലവില്‍ നിര്‍മിച്ച ഇരട്ടക്കുളം വാണിയമ്പാറ റോഡ് എന്നിവയുടെ പൂര്‍ത്തീകരണോദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
അതോടൊപ്പം 2.60 കി.മീ നീളത്തില്‍ 3.5 കോടി വകയിരുത്തി ആരംഭിക്കുന്ന വടക്കഞ്ചേരി ബസാര്‍ റോഡ്, മൂന്ന് കോടി ചെലവില്‍ വടക്കേനട പത്തനാപുരം റോഡിന്‍റെ രണ്ടാം ഘട്ടം, 3.08 കോടി ചെലവില്‍ മംഗലം പാലം, 3.5 കോടിയില്‍ കൊളയക്കാട് പാലം എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രി എകെ ബാലന്‍ അധ്യക്ഷനായി. കെ.ഡി പ്രസേനന്‍ എം.എല്‍.എ മുഖ്യാതിഥിയായി.