പാലക്കാട്: ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധന്‍രാജിന്‍റെ ബന്ധുക്കളെ കായിക മന്ത്രി ഇ.പി ജയരാജൻ സന്ദർശിച്ചു. ധന്‍രാജിന്‍റെ ഭാര്യക്ക് ജോലി നൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോട്ടേക്കാടുള്ള ധന്‍രാജിന്‍റെ വീട്ടിൽ എത്തിയാണ് മന്ത്രി ഇ.പി ജയരാജൻ കുടുംബാംഗങ്ങളെ കണ്ടത്. കഴിഞ്ഞ ഡിസംബർ 29നാണ് പെരിന്തല്‍മണ്ണയിൽ വച്ച് ഫുട്ബോൾ മത്സരത്തിനിടെ ധന്‍രാജ് കുഴഞ്ഞ് വീണ് മരിച്ചത്. സന്തോഷ് ട്രോഫി താരമായ ധന്‍രാജ് ഉൾപ്പടെയുള്ള 10 കായിക താരങ്ങള്‍ക്ക് സർക്കാർ ജോലി ഉറപ്പുനൽകിയിരുന്നു. ജോലിയിൽ പ്രവേശിക്കും മുമ്പായിരുന്നു ധന്‍രാജിന്‍റെ മരണം.