പാലക്കാട്: സംസ്ഥാനത്ത് ഫാം മേഖലയിൽ പത്ത് വർഷം പൂർത്തീകരിച്ച അർഹരായ മുഴുവൻ തൊഴിലാളികളെയും സർക്കാർ സ്ഥിരപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്ര വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്‌സറി, ഫലവൃക്ഷ തോട്ട നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലവിൽ 2800 ഫാം തൊഴിലാളികളെ സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുകയും മികച്ച ജീവിത സാഹചര്യം ഒരുക്കുകയും ചെയ്തു. നെല്ലിയാമ്പതി ഓറഞ്ച് ഫാം എന്ന പേര് അന്വർഥമാക്കാൻ സർക്കാരിനായെന്നും അടുത്ത തവണ 10,000 ഓറഞ്ച് തൈകൾ കൂടി നട്ടു പിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ പുഷ്പ ഫല വർഷാചരണത്തിന്‍റെ ഭാഗമായി നെല്ലിയാമ്പതിയിൽ മുന്തിരി, ആപ്പിൾ, അവക്കാഡോ, ഡ്രാഗൻഫ്രൂട്ട് എന്നിവയും വിളയിക്കും. സംസ്ഥാനത്തെ 66 ഫാമുകൾക്ക് കിഫ്ബിയിൽ നിന്നും 266 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫാം ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കില്ല. തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. കാട്ടാന തോട്ടങ്ങളിൽ വരുന്നത് തടയാൻ തേനീച്ച വളർത്തും. ഇതിന് സംസ്ഥാന ഹോർട്ടി കോർപ്പ് വകുപ്പ് നേതൃത്വം നൽകും. അടുത്ത വർഷം മുതൽ നെല്ലിയാമ്പതിയിൽ കോഫി നഴ്‌സറി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ആര്‍. കെ. വി. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈടെക് മോഡല്‍ നഴ്‌സറി, ഫലവര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തോട്ട നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ നടന്ന പരിപാടിയില്‍ കെ.ബാബു എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോള്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമണി, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.