പാലക്കാട്: പരേതരായ മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച മകന്‍റെ ആവശ്യം അംഗീകരിച്ച് സർക്കാർ. വിവാഹം കഴിഞ്ഞ് 53 വർഷത്തിന് ശേഷം വിവാഹം രജിസ്റ്റർ ചെയ്യാനാണ് തദ്ദേശവകുപ്പിന്‍റെ അനുമതി. പാലക്കാട് ശേഖരീപുരം സ്വദേശികളുടെ വിവാഹമാണ് ഇരുവരുടെയും മരണശേഷം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയതെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു.
പരേതരായവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് രാജ്യത്തുതന്നെ അപൂർവമാണ്. ഭിന്നശേഷിക്കാരനായ മകൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു. കുടുംബ പെൻഷൻ ലഭിക്കുന്നതിനായാണ് മകൻ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
ഇരുവരും 1969 ജൂൺ നാലിന് കൊടുമ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്. 1998ൽ ഭാര്യയും 2015ൽ ഭർത്താവും മരിച്ചു. ദമ്പതികൾ മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശമില്ല.
വിഷയത്തിൽ നിയമവകുപ്പിന്‍റെ പ്രത്യേക അഭിപ്രായം തേടിയയാണ് മന്ത്രിയുടെ ഇടപെടൽ.